മലയിൻകീഴ്: ജംക്ഷനിൽ വ്യാപാര സ്ഥാപനങ്ങൾ നിറഞ്ഞ ഭാഗത്തെ സ്വകാര്യ ബേക്കറിയിൽ തീപിടിത്തം. ഇലക്ട്രിക് ഉപകരണങ്ങളും ഭക്ഷ്യസാധനങ്ങളും അഗ്നിക്കിരയായി. പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന പാചകം ചെയ്യുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തമിഴ്നാട് സ്വദേശി സെന്തിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള കാർത്തിക് സ്വീറ്റ്സ് ആൻഡ് ബേക്കേഴ്സിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം.ഉടമ കട തുറന്നപ്പോഴാണ് അകത്ത് പുക തങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്നുള്ള പരിശോധനയിൽ ചെറിയ രീതിയിൽ തീ ഉണ്ടായിരുന്നു. ഉടൻ കാട്ടാക്കട ഫയർഫോഴ്സ് എത്തി തീ കെടുത്തി. ഫ്രിജ്, 2 എസി, പലഹാരങ്ങൾ ഉണ്ടാക്കുന്ന ഇലക്ട്രിക് യന്ത്രങ്ങൾ , പായ്ക്ക് ചെയ്തതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ , കടയിലെ സീലിങ്, വയറിങ് എന്നിവയും നശിച്ചു. കടയുടെ പകുതിയിലേറെ ഭാഗവും പുക തങ്ങി നിന്നു കരി നിറഞ്ഞു. പാചകം ചെയ്യുന്ന സ്ഥലത്തേക്ക് തീ പടർന്നില്ല. ഇവിടെ 3 ഗ്യാസ് സിലിണ്ടറുകൾ ആണ് സൂക്ഷിച്ചിരുന്നത്. വൈദ്യുത ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണമെന്ന് ഫയർഫോഴ്സ് പറഞ്ഞു.
