ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയപാതയിൽ പൂവൻപാറ ക്ഷേത്രത്തിനു മുൻവശത്തുള്ള വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി എ ഡി എം അനിൽ ജോസിന്റെ നേതൃത്വത്തിൽ റവന്യൂ ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഓ എസ് അംബിക എംഎൽഎ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നതിനെ തുടർന്നാണ് പരിഹാരമാർഗങ്ങൾ തേടുന്നതിനായി റവന്യൂ സംഘം സ്ഥലം സന്ദർശിച്ചത്. ദേശീയ പാതയിലെ ബ്ലാക്ക് സ്പോട്ട് പരിഹരിക്കുന്നതിന് നിർമ്മാണം നടന്ന സ്ഥലത്ത് വെള്ളക്കെട്ടുണ്ടായത് നിർമ്മാണത്തിലെ എന്തെല്ലാം അപാകതകൾ കൊണ്ടാണോ എന്നും ജലം ഒഴുകി പോകുന്നതിനായി നിർമ്മിച്ച സംവിധാനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ടോ എന്നും വിശദമായ അന്വേഷണം നടത്തി വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എ ഡി എം ന്റെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥ സംഘം ഉറപ്പുനൽകിയതായി എംഎൽഎ അറിയിച്ചു.
