കഴക്കൂട്ടം: ടെക്നോപാർക്കിലെ ആദ്യ സോളർ ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് ക്യാംപസിനുള്ളിൽ പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം സിഇഒ കേണൽ സഞ്ജീവ് നായർ നിർവഹിച്ചു. സിഎഫ്ഒ എൽ. ജയന്തി, മാധവൻ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. സോളർ ചാർജിങ് സ്റ്റേഷൻ ടെക്നോപാർക്ക് ജീവനക്കാർക്ക് മാത്രമായിരിക്കും ലഭ്യമാകുക. ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടിനു അനുസൃതമായാണ് ടെക്നോപാർക്കിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് ഇവി ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. സ്ലോ, ഫാസ്റ്റ് ചാർജിങ് എന്നീ രണ്ട് ഓപ്ഷനുകളോടെ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ ഒരേ സമയം ഒരു കാർ ഫാസ്റ്റ് ചാർജ് ചെയ്യാനും ഒന്ന് വീതം ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ സ്ലോ ചാർജ് ചെയ്യാനും സാധിക്കും. ഇവി ചാർജിങ് സ്റ്റേഷൻ പൂർണമായും രൂപകൽപന ചെയ്തിരിക്കുന്നത് ടെക്നോപാർക്കിലെ തന്നെ എൻജിനീയറിങ് വിഭാഗമാണ്. സൗരോർജത്തിന് പുറമെ ഇബി, ഡിജി എന്നീ പവർ സ്രോതസുകളുമുള്ളതിനാൽ ചാർജിങ് സ്റ്റേഷൻ തടസ്സങ്ങളില്ലാതെ പ്രവർത്തിപ്പിക്കാനാകുമെന്ന് ജനറൽ മാനേജർ മാധവൻ പ്രവീൺ വ്യക്തമാക്കി. ഫാസ്റ്റ് ചാർജിങ്ങിനു യൂണിറ്റിന് 15.34 രൂപ സ്ലോ ചാർജിങ്ങിന് 10.61 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
