തിരുവനന്തപുരം: കലക്ടറേറ്റിന് സമീപം റോഡിൽ കൂറ്റൻ മരം മറിഞ്ഞു വീണ് 2 പേർക്കു സാരമായ പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ നെടുമങ്ങാട് സ്വദേശി മധു (58), അതിഥിത്തൊഴിലാളി രൻജിത് റോയി (30) എന്നിവർക്കാണു പരുക്കേറ്റത്. ഇവരുടെ ദേഹത്തിലേക്ക് മരത്തിന്റെ ശിഖരം വന്നു വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്നതിനാൽ മരത്തിന്റെ മൂട് ഇളകി വീണില്ല. ഭാഗ്യംകൊണ്ടാണ് ഇവരുടെ ജീവൻ രക്ഷപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു.പ്ലമിങ് തൊഴിലാളിയായ മധുവിന്റെ ചുമലിനും കൈക്കും പൊട്ടലുണ്ട്. രൻജിത്തിന്റെ കാലിനാണു പരുക്ക്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കലക്ടറേറ്റ്–ദൂരദർശൻ റോഡിലുള്ള 60 വർഷത്തോളം പ്രായമുള്ള മരുത് വൃക്ഷമാണ് ഉച്ചയ്ക്കു 2.30നു ശേഷം നിലം പൊത്തിയത്. ഈ സമയം റോഡിൽ കൂടുതൽ വാഹനങ്ങളും ആളും ഇല്ലാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി.മരം അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പലവട്ടം കലക്ടർക്കും ആർഡിഒയ്ക്കും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയിരുന്നതാണ്.എന്നാൽ സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് നടപടി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. അപകടത്തെ തുടർന്ന് മൂന്നു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിയും മുടങ്ങി.പൊലീസും ഫയർഫോഴ്സും എത്തി ഏറെ ശ്രമപ്പെട്ടാണ് മരവും ശിഖരങ്ങളും പാതയിൽ നിന്ന് നീക്കിയത്.
