കേരളത്തിലെ മഴക്കാലം അറിയപ്പെടുന്നതുതന്നെ പനിക്കാലം എന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളുമായി താരതമ്യം ചെയ്താൽ ഈ വർഷം പനി ബാധിതരടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. പനി മരണങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. ഡെങ്കു, എലിപ്പനി, എച്ച്വൺ എൻവൺ ഇൻഫ്ലുവൻസ എന്നീ മൂന്നു തരത്തിലുള്ള പനികളാണ് പ്രധാനമായും കണ്ടു വരുന്നത്. മുൻവർഷങ്ങളിൽ ഡെങ്കു ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത് തെക്ക് തിരുവനന്തപുരത്തായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. ഈ വർഷം സർക്കാർ പ്രഖ്യാപിച്ച 138 ഹോട്ട്സ്പോട്ടുകളിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലെയും സ്ഥലങ്ങളുണ്ട്. മുൻപ് നഗരത്തിൽ മാത്രമായി ഒതുങ്ങിയിരുന്ന ഡെങ്കു വൈറസ് ഇപ്പോൾ കേരളം മുഴുവൻ കീഴടക്കിയിരിക്കുന്നതായി കാണാം. ഡെങ്കിയുടെ വകഭേദങ്ങൾ ഓരോ തവണയും മാറി മാറി വരാനുള്ള ഒരു സാധ്യത ഉണ്ട്. ഡെങ്കു വൈറസുതന്നെ നാലു തരമുണ്ട്. ഈ വൈറസ് സഞ്ചരിക്കുന്നത് കൊതുകു വഴിയാണ്. കൊതുകുണ്ടെങ്കിൽ മാത്രമേ ഒരു രോഗി മറ്റു വ്യക്തികൾക്ക് ഡെങ്കിപ്പനി കൊടുക്കുകയുള്ളൂ. ഒരു വീടിനുള്ളിൽ താമസിക്കുന്ന വ്യക്തിയാണെങ്കിൽ ആ വ്യക്തിയെ കൊതുകു കടിക്കുമ്പോൾ ആ വീട്ടിലുള്ള മറ്റുള്ളവർക്കും ഇത് വരാൻ സാധ്യതയുണ്ട്. കേരളം ഒരു ട്രാവൽ ഹബ്ബാണ്. പല രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പല തരക്കാരായ ആൾക്കാർ നിരന്തരം വന്നു പോകുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ ഡെങ്കിയുടെ ഒരു സീറോടൈപ്പ് മാത്രമേ ഇവിടെ ഉള്ളൂ എന്ന് ചിന്തിക്കാനേ പറ്റില്ല. മാത്രമല്ല ഇപ്പോൾ ഹൃദയത്തെയും വൃക്കകളെയും നെർവുകളെയുമൊക്ക ബാധിച്ച് അസാധാരണ ലക്ഷണങ്ങളോടു കൂടിയ പനിയുമായി എത്തുന്നവരുമുണ്ട്. സാധാരണ ഡെങ്കിക്ക് ശരീരവേദന, പനി, ഛർദി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക. സാധാരണഗതിയിൽ ഒരു 10 ദിവസം കഴിയുന്നതോടെ ഇതു പോകുകയും ചെയ്യും. പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുമ്പോഴാണ് ഡെങ്കിപനി ഗുരുതരമാകുന്നത്. രക്തസ്രാവം ഉണ്ടാകും. മറ്റു അവയവങ്ങളെയൊക്കെ ബാധിക്കും. കരൾ, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെയൊക്കെ ബാധിച്ച് ഇന്റേണൽ ബ്ലീഡിങ് ഉണ്ടാകാം. ഒരിക്കൽ െങ്കിപനി വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ട്. രണ്ടാമത് വരുന്ന സമയത്ത് ബ്ലീഡിങ്ങിനുള്ള സാധ്യത കൂടുതലായി കാണുന്നുണ്ട്. റീഇൻഫെക്ഷൻ വരുന്നവരിൽ അവസ്ഥ സങ്കീർണമാകാം. ഇതാണ് മരണസംഖ്യ ഉയർത്തുന്നതും. അതുകൊണ്ടുതന്നെ ആരും ഡെങ്കിപനി നിസ്സാരമായി കാണരുത്. ഡെങ്കുവിന്റെ റീഇൻഫെക്ഷൻ അപകടകരമാണ്. കൊതുകിന്റെ നിവാരണത്തിലൂടെ മാത്രമേ ഡെങ്കി നിയന്ത്രിക്കാൻ സാധിക്കൂ. കൊതുകു നിവാരണം രണ്ടു ലെവലിൽ ഉണ്ട്. ഒന്ന് അത് കൊതുകായതിനു ശേഷമുളള കൺട്രോളും മറ്റേത് കൊതുക് ആകുന്നതിനു മുൻപുള്ള കൺട്രോളും. ഫോഗിങ്, കൊതുകു വല, ജനലുകളിൽ വയ്ക്കുന്ന നെറ്റ് ഒക്കെ ഉപയോഗിച്ച് കൊതുകായതിനു ശേഷം പ്രതിരോധം തീർക്കാം. പക്ഷേ കൊതുക് ആകുന്നതിനു മുൻപ് അതായത് മുട്ട ഇട്ട് അത് ലാർവയായി, ആ ലാർവ കൊതുകാകുന്നതു വരെയുള്ള ഒരു സൈക്കിളുണ്ട്. ഇവിടെ ചെയ്യാാവുന്നത് കൊതുക് മുട്ടയിടാറുള്ള ഇടങ്ങൾ ഒഴിവാക്കുക. അടഞ്ഞു കിടക്കുന്ന ഓടകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങി വെള്ളം കെട്ടി കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ലാർവകൾ നശിപ്പിക്കാനായട്ട് അണുനാശിനി വെള്ളത്തിൽ കലക്കുക തുടങ്ങിയവയാണ്. ഒരു പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതിന്റെ 200 മീറ്ററായിരിക്കും കൊതുകിന്റെ ഉറവിടം. ഈ ഒരു വസ്തുത മനസ്സിലാക്കി മുന്നോട്ട് പോകുകയാണെങ്കിൽ കുറെയൊക്കെ ഉറവിടം ഒഴിവാക്കാൻ പറ്റും. ഇതേ കൊതുകുചന്നെ സിക വൈറസിനെയും ചിക്കുൻഗുനിയ വൈറസിനെയും കൊണ്ടു നടക്കുന്നുണ്ട്.
