കഴക്കൂട്ടം: തുമ്പ വിശുദ്ധ സ്നാപക യോഹന്നാൻ ദേവാലയത്തിനു സമീപം തീരക്കടലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ഒരാളെ മത്സ്യ ത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. തുമ്പ പുതുവൽ പുരയിടത്തിൽ ഫ്രാൻസിസ് അൽഫോൻസ് (63) നെയാണ് കാണാതായത്. ഫ്രാൻസിസിനെ കണ്ടെത്താനായി തീരദേശ പൊലീസും വിഴിഞ്ഞത്തു നിന്നും എത്തിയ കോസ്റ്റ് ഗാർഡും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം. തുമ്പ സ്വദേശിയായ ജീൻ ജോസഫിന്റെ മാതാ എന്ന ബോട്ടിലാണ് കാണാതായ ഫ്രാൻസിസ് അൽഫോൻസ്, ജസ്റ്റിൻ ബാബു, ജോർജ്കുട്ടി, മാത്യു എന്നിവർ മത്സ്യബന്ധനത്തിന് പോയത് ബോട്ട് തള്ളിയിറക്കുമ്പോൾ ശക്തമായ തിരയും അടിയൊഴുക്കുമുണ്ടായി ബോട്ട് കീഴ്മേൽ മറിയുകയായിരുന്നു.
ജിൻ ജോസഫ് , ജസ്റ്റിൻ ബാബു, മാത്യു എന്നിവർ നീന്തി രക്ഷപ്പെട്ടു എങ്കിലും ഫ്രാൻസിസ് അൽഫോൻസും ജോർജുകുട്ടിയും തിരയിൽപെട്ടു ജോർജുകുട്ടിയെ കരയിലുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. അതിനിടയിൽ ഫ്രാൻസിസ് അൽഫോൻസ് ചുഴിയിൽപെട്ട് കാണാതായി. ബോട്ടിനും യന്ത്രത്തിനും കേടുപാടുണ്ട്. തീരദേശ പൊലീസും വിഴിഞ്ഞത്തു നിന്നുമുള്ള ടീമും എത്തിയെങ്കിലും ശക്തമായ തിരയും അടിയൊഴുക്കും കാരണം കാര്യമായ തിരച്ചിൽ നടത്താനായില്ല. തുമ്പയിലെ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ ഇറക്കി തിരഞ്ഞു വെങ്കിലും ഫ്രാൻസിസിനെ കണ്ടെത്താനായില്ല . മാഗി ഫ്രാൻസിസാണ് ഫ്രാൻസിസിന്റെ ഭാര്യ ,മക്കൾ : മനു ഫ്രാൻസിസ് , ഷാജ് ഫ്രാൻസിസ് , മരുമക്കൾ : നിഷ, അഖില
