തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്നു ഡോർ തുറന്ന് റോഡിലേക്കു വീണു പത്താം ക്ലാസ് വിദ്യാർഥിക്കു ഗുരുതരമായി പരുക്കേറ്റു. കുട്ടി വീണതു കണ്ട് യാത്രക്കാർ ബഹളം വച്ചിട്ടും ബസ് നിർത്താതെ ഓടിച്ചു പോയി. സംഭവത്തിൽ വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ പൂന്തുറ പൊലീസ് കേസ് എടുത്തു. പട്ടം സെന്റ്മേരീസ് സ്കൂളിലെ വിദ്യാർഥി അമ്പലത്തറ നാഷനൽ നഗർ ഫറീന വീട്ടിൽ മുഹമ്മദ് റബ്ബാനി(15)ക്കാണ് തലയ്ക്കും മുഖത്തും സാരമായി പരുക്കേറ്റത്. തലയോട്ടിക്കുള്ളിൽ നേരിയ രക്തസ്രാവം ഉണ്ടായതിനെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ 6 ദിവസം ചികിത്സയിലായിരുന്നു.15 ദിവസത്തെ വിശ്രമം നിർദേശിച്ച് ഇന്നലെ ആശുപത്രിയിൽ നിന്നു വിട്ടയച്ചു. 26ന് രാവിലെ 6.30ന് കമലേശ്വരം കല്ലാട്ടുമുക്ക് നാഷനൽ കോളജ് ബസ് സ്റ്റോപ്പിനു സമീപത്തായിരുന്നു സംഭവം. റബ്ബാനിയും മാതാവിന്റെ അനുജത്തിയുടെ മകൻ പ്ലസ് വൺ വിദ്യാർഥി സഫീറും പിന്നിലെ ഡോർ വഴി ബസിൽ കയറിയെങ്കിലും തിരക്ക് കാരണം അകത്തേക്കു കയറാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ടെടുത്തതും പടിക്കെട്ടിൽ നിന്ന റബ്ബാനി ഡോർ തുറന്ന് റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. യാത്രക്കാർ ബഹളംവച്ചെങ്കിലും ബെല്ലടിക്കാൻ കണ്ടക്ടറും ബസ് നിർത്താൻ ഡ്രൈവറും തയാറായില്ലെന്നാണ് പരാതി. ബോധം നഷ്ടപ്പെട്ടു കിടന്ന റബ്ബാനിയെ സഫീറും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ആണ് കേസ് എടുത്തത്. 74 പേർ ബസിൽ ഉണ്ടായിരുന്നുവെന്നും തിരക്ക് കാരണം വിദ്യാർഥി വീണത് കണ്ടില്ലെന്നുമാണ് കെഎസ്ആർടിസി ജീവനക്കാരുടെ വിശദീകരണമെന്നു പൊലീസ് പറഞ്ഞു.
