പാറശാല: അഞ്ച് ലക്ഷം രൂപ വില വരുന്ന വളർത്തു പക്ഷികൾ മോഷണം പോയി. ചെറുവാരക്കോണം ആത്മനിലയം നഴ്സറി ഗാർഡൻസിൽ നിന്ന് ഇന്നലെ രാത്രിയാണ് കൊക്കാട്ട്, ഗ്രേ പേരറ്റ് ഇനത്തിൽപെട്ട നാലു പക്ഷികളെ കവർന്നിരിക്കുന്നത്. കൊക്കാട്ട് ഇനത്തിൽ പെട്ട രണ്ടു പക്ഷികൾക്കും മൂന്നര ലക്ഷം രൂപയും പാരറ്റിനു ഒന്നരലക്ഷം രൂപയും വിലവരും. ഇന്നലെ രാവിലെ കൊക്കാട്ട് ഇനത്തെ പാർപ്പിച്ചിരുന്ന വീടിനു സമീപത്തെ കൂട് തുറന്ന് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിൽ ആണ് മോഷണം വ്യക്തമായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രി പന്ത്രണ്ടു മണിയോടെ കൂടിനു അടുത്തേക്ക് എത്തിയ ആൾ പൂട്ടു തകർത്ത് മോഷ്ടിക്കുന്നത് വ്യക്തമായിട്ടുണ്ട്. ഗ്രേ പാരറ്റിനെ പാർപ്പിച്ചിരുന്നത് 50 മീറ്റർ അകലെ നഴ്സറി ഗാർഡൻ പ്രവർത്തിക്കുന്ന സ്ഥലത്തെ കൂട്ടിൽ നിന്നും സമാന രീതിയിൽ തന്നെ ആണ് മോഷണം നടന്നിരിക്കുന്നത്. സിസിടിവി ദൃശ്യത്തിൽ ഒരാൾ മാത്രം ആണെങ്കിലും കൂടുതൽ പേർ പുറത്ത് ഉണ്ടായിരുന്നതായി സംശയമുണ്ട്. പക്ഷികളെ പരിപാലിക്കുന്നത് സംബന്ധിച്ച് അറിവുള്ളവർ ആണ് കവർച്ച നടത്തിയിരിക്കുന്നത് എന്നാണ് നിഗമനം. പത്ത് മാസം മുൻപ് മക്കാവൂ, റിഗ്വാന ഇനത്തിൽപെട്ടവയും മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം പൊലീസ് നടത്തുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. പാറശാല പൊലീസിൽ പരാതി നൽകി.
