ചിറയിൻകീഴ്: മത്സ്യബന്ധനത്തിനു പുറംകടലിലേക്കു തിരിക്കുന്നതിനിടെ മുതലപ്പൊഴി അഴിമുഖത്തിനു സമീപം ശക്തമായ തിരയടിൽപെട്ടു കടലിൽ വീണ മത്സ്യത്തൊഴിലാളിയെ ഫിഷറീസ് വിഭാഗം റെസ്ക്യൂസംഘം പാഞ്ഞെത്തി രക്ഷപ്പെടുത്തി. പൂത്തുറ സ്വദേശി ജോൺസ(49)നാണു പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടത്. പുലർച്ചെ ആറുമണിയോടെ അഞ്ചുതെങ്ങ് സ്വദേശി സുജന്റെ ഉടമസ്ഥതയിലുള്ള എൻജിൻ ഘടിപ്പിച്ച ബോട്ടിൽ മൂന്നുപേരാണുണ്ടായിരുന്നത്.പൊഴിമുഖ ചാനൽ കടക്കവേ ശക്തമായ തിരയിൽപെട്ടു ആടിയുലഞ്ഞ ബോട്ടിൽ നിന്നു ജോൺസൺ കടലിലേക്കു തെറിച്ചുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളമുണ്ടാക്കി സമീപത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡുമാരടങ്ങുന്ന സംഘത്തെ അറിയിച്ചാണു രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പട്രോളിംങ് ബോട്ടിലെത്തിയ നാലംഗസംഘം ജോൺസനെ വള്ളത്തിൽ കയറ്റി പരുക്കുകളൊന്നുമില്ലെന്നു ഉറപ്പുവരുത്തിയശേഷം മറ്റുള്ളവരോടൊപ്പം പറഞ്ഞുവിട്ടു.
