തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നിർധന കുടുംബത്തിന് വാമനപുരം എക്സൈസ് വക കൈത്താങ്ങ്. വാമനപുരം റേഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പെരിങ്ങമ്മല വില്ലേജിൽ, ഇലവുപാലം, ഗേറ്റ്മുക്ക് ബ്ലോക്ക് നമ്പർ 60-ൽ, മാധവൻ മകൻ ബിജുവിൻ്റെ പേരിലുള്ള വാറണ്ട് നടത്തുന്നതിനായി എക്സൈസ് പാർട്ടി അയാളുടെ വീട്ടിൽ അന്വേഷിച്ചു പോയതിൽ 2018-ൽ ലോറിയിൽ തടി കയറ്റുന്നതിനിടയിൽ ബിജു ലോറിയിൽ നിന്നും താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റി ഇപ്പൊൾ സംസാരശേഷിയും ഓർമ്മ ശക്തിയും നഷ്ടപ്പെട്ട് പരസഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന അവസ്ഥയിൽ ചികിത്സയിലാണെന്നും ഭാര്യയും രണ്ട് മക്കളും ഉള്ള ബിജുവിന്റെ കുടുംബത്തിൽ ഭാര്യയ്ക്കും നടുവിന്റെ പ്രശ്നങ്ങളാൽ നടക്കാൻ ബുദ്ധിമുട്ടുള്ളയാളാണെന്നും മകളും സുഖമില്ലാതെ പഠിത്തം ഉപേക്ഷിച്ചു നിൽക്കുകയാണെന്നും മകൻ പ്ലസ് വണ്ണിന് പഠിക്കുകയാണെന്നും സഹായത്തിനായി അധികം ബന്ധുബലങ്ങൾ ഇല്ലാത്ത കുടുംബത്തിൻ്റെ നിത്യവൃത്തി തന്നെ തൊട്ട് അയലത്തെ വീടിനെ ആശ്രയിച്ചാണ് നടക്കുന്നത് എന്നും കാണുകയുണ്ടായി. തുടർന്ന് വാറണ്ട് നടത്താൻ പോയ പ്രിവന്റിവ് ഓഫീസർ ബിജുലാലും പാർട്ടിയും വിവരം ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ വാമനപുരം റെയിഞ്ച് ഓഫീസിലെ ജീവനക്കാർ എല്ലാവരും കൂടി വീട്ടിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ വീട്ടു സാധങ്ങളും പച്ചക്കറിയും എത്തിച്ചതോടൊപ്പം, ധനസഹായവും അവരുടെ മകന് നോട്ട് ബുക്കുകളും എത്തിച്ചുകൊടുത്തു. കൂടാതെ എക്സൈസ് ഇൻസ്പെക്ടറുടെ അഭ്യർത്ഥന പ്രകാരം പാലോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇക്മാ മലയാളി അസോസിയേഷൻ ധനസഹായവും, വാർഡ് മെമ്പർ ഗീത പ്രജി വസ്ത്രങ്ങളും, മറ്റും എത്തിച്ചു നൽകി. വരും മാസങ്ങളിലും കുടുംബത്തിന് വേണ്ട സഹായങ്ങൾ എത്തിച്ചു നൽകാമെന്ന് വാർഡ് മെമ്പറും ഇലവുപാലത്തുള്ള പൗരസമിതിക്കാരും അറിയിച്ചിട്ടുള്ളതാണ്.
