വെഞ്ഞാറമൂട്: വിവിധ സ്വർണപ്പണയ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല പനങ്ങോട് തുമ്പാനൂർ മരുതംമൂട് വീട്ടിൽ നൗഷാദ്(47) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് വയ്യേറ്റ് ജംക്ഷനിൽ ഉള്ള ഒരു സ്വർണപ്പണയ സ്ഥാപനത്തിൽ ഇയാൾ പണയം വയ്ക്കാൻ എത്തിയിരുന്നു. ഇവിടെ നൽകിയ ആഭരണങ്ങളിൽ സംശയം തോന്നിയ സ്ഥാപന അധികൃതർ വെഞ്ഞാറമൂട് പൊലീസിൽ അറിയിച്ചു.പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.ഇയാൾ പൊലീസ് പിടിയിലായത് അറിഞ്ഞ വിവിധ സ്വർണപ്പണയ സ്ഥാപനങ്ങൾ പരാതികളുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. അന്വേഷണത്തിൽ 7 ലക്ഷം രൂപ വരെ പല സ്ഥാപനങ്ങളിൽ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ ആർ.പി. അനൂപ് കൃഷ്ണ, എസ്ഐ എസ്.ഷാൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
