വിതുര∙ അഞ്ച് പഞ്ചായത്തുകളുടെ ആശ്രയ കേന്ദ്രമായ വിതുര താലൂക്ക് ആശുപത്രി തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിൽ. രാപകൽ വ്യത്യാസമില്ലാതെ നായ്ക്കൾ ആശുപത്രി കോംപൗണ്ടിൽ കറങ്ങി നടക്കുകയാണ്. ചില സമയത്തു വരാന്തയിലും മറ്റും കയറി കിടക്കുന്നു. ചിലപ്പോൾ കോംപൗണ്ടിനുള്ളിലെ റോഡിൽ കിടന്നു ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു മാർഗ തടസ്സം ഉണ്ടാക്കും. മറ്റു ചിലപ്പോൾ ഗേറ്റിനു സമീപം തമ്പടിച്ചു പുറത്തു നിന്നു വരുന്ന വാഹനങ്ങൾക്കും ആളുകൾക്കും നേരെ കുരച്ചു ചാടും.
നിലവിൽ അത്യാഹിത വിഭാഗം കെട്ടിടത്തിനു സമീപവും ഒ.പി. ബ്ലോക്കിനു സമീപവും നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നതു പതിവാണ്. സന്ദർശകരുടെയും ജീവനക്കാരുടെയും നിർത്തി ഇട്ടിരിക്കുന്ന വാഹനത്തിനു സമീപവും അടിയിലും നായ്ക്കൾ പതിവായി കിടക്കുന്നതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കുട്ടികളും സ്ത്രീകളും അടക്കം അഡ്മിറ്റ് രോഗികളായും കൂട്ടിരിപ്പുകാരായും നിലവിൽ എത്തുന്ന ആശുപത്രിയിലാണു തെരുവ് നായ ഭീതി സജീവമായിരിക്കുന്നത്. ഒ.പി. സമയത്തു നായ്ക്കൾ കറങ്ങി നടക്കുന്നതും പ്രശ്നമാണ്. തൊട്ടടുത്തായി വിതുര ഗവ: യുപിഎസും പഞ്ചായത്ത് അങ്കണവാടിയും പഞ്ചായത്ത് ഓഫിസും മൃഗാശുപത്രിയുമുണ്ട്. ഇതിന്റെ പരിസരങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
