വെഞ്ഞാറമൂട്: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ കബളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി പാങ്ങോട് കാഞ്ചിനട കൊച്ചാലുമ്മൂട് തോട്ടരികത്തു വീട്ടില്‍ ഇര്‍ഷാദാണ് (43) അറസ്റ്റിലായത്. വെഞ്ഞാറമൂട്ടില്‍ നിരവധി സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച കേസില്‍ ഇയാളുടെ കൂട്ടുപ്രതിയായ നൗഷാദ് സെപ്റ്റംബറില്‍ അറസ്റ്റിലായിരുന്നു. അന്ന് നൗഷാദിനൊപ്പം ഇയാളുമുണ്ടായിരുന്നെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
അടുത്ത ദിവസങ്ങളില്‍ ഇയാള്‍ പാങ്ങോട് എത്താറുണ്ടന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പാങ്ങോട് ചുമതലയുള്ള വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണയുടെ നേതൃത്തിലുള്ള പൊലീസ് സംഘം ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. എസ്.ഐമാരായ ഷാന്‍. എസ്.എസ്, ഷാജി. എം.എ., സിവിൽ പൊലീസ് ഓഫിസര്‍മാരായ സുധീഷ്, സജി, സൂരജ്, വിഷ്ണു, അച്ചു ശങ്കര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
