തിരുവനന്തപുരം: നവംബർ 25 സംസ്ഥാനം ഒരു ദത്തെടുക്കൽ സൌഹൃദ കേന്ദ്രമാക്കാനും ദത്തെടുക്കലിനോടുള്ള സമൂഹത്തിൻറെ മനോഭാവം പരിവർത്തനം ചെയ്യുന്നതിൻറെയും ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടേയും ആഭിമുഖ്യത്തിൽ നവംബർ ഡിസംബർ മാസങ്ങളിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് ഞായറാഴ്ച (നവംബർ 26) രാവിലെ 11.30-ന് ശിശുക്ഷേമ സമിതി ഹാളിൽ നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനായിരിക്കും. ദത്തെടുക്കലിനെ സംബന്ധിച്ച് പഴയ നാളുകളിൽ ഉണ്ടായിരുന്ന കാഴ്ചപ്പാടുകൾക്ക് വലിയ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പൊതു സമൂഹത്തിൽ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇവ അകറ്റുന്നതിനും നിർഭാഗ്യവശാൽ അനാഥരാകുന്ന കുരുന്നുകളെ മെച്ചപ്പെട്ട കരങ്ങളിലെത്തിച്ച് സനാഥത്വം നൽകുക എന്ന ലക്ഷ്യത്തോടെയുമാണ് ഒരു മാസം നീണ്ടു നിൽക്കുന്ന അവബോധ, മറ്റിതര പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. ദത്തെടുത്തവർക്കും ദത്തെടുക്കാനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്കും പൊതു സമൂഹത്തിനും ഉദ്ഘാടന പരിപാടിയിലും തുടർന്ന് നടക്കുന്ന സെമിനാറുകളിലും പങ്കെടുക്കാ മെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
ഞായറാഴ്ച രാവിലെ 10.30-ന് ബാലനീതി നിയമം എന്ന വിഷയത്തെ അധികരിച്ച് കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ.വി. മനോജ്കുമാർ ക്ലാസ്സെടുക്കും. 11.30-ന് ബോധവത്ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജസ്റ്റിസ് എൻ. നഗരേഷ് നിർവഹിക്കും. കടകംപളളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി സ്വാഗതം പറയും. തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ചിത്രലേഖ, സാര പ്രോഗ്രാം മാനേജർ ജിജോ സെബാസ്റ്റ്യൻ, സംസ്ഥാന ശിശുക്ഷേമ സമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ഉച്ചതിരിഞ്ഞ് ‘ദത്തെടുക്കൽ പ്രക്രിയയും നിയമവശങ്ങളും’ ‘ദത്തെടുക്കലിന് മുമ്പും പിമ്പും അറിഞ്ഞിരിക്കേണ്ടവ’ എന്നീ വിഷയങ്ങളെ അധികരിച്ച് കെ.കെ. സുബൈർ കെ.എ.എസ്., മുൻ ബാലാവകാശ കമ്മീഷൻ അംഗം സി.ജെ. ആൻറണി എന്നിവർ ക്ലാസ്സെടുക്കും.
