കല്ലമ്പലം: കേരളത്തിലെ 44 നദികളിൽ ഏറ്റവും ചെറിയ ദൈർഘ്യം കുറഞ്ഞ നദികളിൽ ഒന്നായ അയിരൂർ നാശത്തിന്റെ വക്കിൽ. തടയണകൾ തകർന്നതും അനധികൃത നിർമാണ പ്രവർത്തനങ്ങൾ പെരുകിയതും അധികൃതരുടെ മൗനവും എല്ലാം പുഴയെ നാശത്തിലേക്കു തള്ളിയിട്ടു. നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന്, കരവായ്ക്കോണം, സ്വാമിയാർ കുന്ന് എന്നിവിടങ്ങളിലെ കുന്നിൻ ചരുവിൽ നിന്നാണ് ഇതിന്റെ തുടക്കം. തട്ടുപാലം കുണ്ടുമൺകാവ്, മുത്താന, പനയറ, ഇലകമൺ, ആയിരൂർ എന്നീ സ്ഥലങ്ങളിലൂടെ 18 കിലോമീറ്ററോളം സഞ്ചരിച്ച് ഇടവ കായലിൽ പതിക്കുന്നു. നാവായിക്കുളം ചെമ്മരുതി, ഇലകമൺ പഞ്ചായത്തുകളെ സ്പർശിക്കുന്ന പുഴയെ ഒരു കാലത്തു ഗ്രാമവാസികൾ കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനും ഉപയോഗിച്ചിരുന്നു.
5 പഞ്ചായത്തുകൾക്കു കാർഷിക ആവശ്യത്തിനു ജലം നൽകാൻ പര്യാപ്തം ആയിരുന്ന പുഴയുടെ ആവാസ വ്യവസ്ഥകൾ നശിച്ച് കാലഹരണപ്പെട്ടതായി കാണിച്ചു നാട്ടുകാർ ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടും നടപടി ഇല്ലെന്നാണ് ആരോപണം. കാലങ്ങൾക്കു മുൻപു നിറഞ്ഞ് ഒഴുകിയിരുന്ന പുഴയിൽ ചെളിയും പാറകളും അവശിഷ്ടങ്ങളും അടിഞ്ഞു ജല സംഭരണം പിടിച്ചു നിർത്താൻ കഴിയാത്ത സ്ഥിതിയാണ്. പണ്ട് പല സ്ഥലത്തും വെള്ളം കെട്ടി നിർത്താൻ ഇടവിട്ട് തടയണ സ്ഥാപിച്ചിരുന്നു. എന്നാൽ, അവയിൽ പലതും കാലവർഷത്തിലും കാലപ്പഴക്കം കൊണ്ടും നശിച്ചു. പുഴയുടെ തുടക്കം മുതൽ മണ്ണ് മാറ്റി ആഴം കൂട്ടി വേണ്ടിടത്തു തടയണകൾ സ്ഥാപിച്ചാൽ വേനലിലും ജല ലഭ്യത ഉറപ്പാക്കാൻ കഴിയും.
അതോടെ കുണ്ടുമൺ–ചെമ്മരുതി ഏല, പുന്നക്കാട് പാടശേഖരം, ഓരനല്ലൂർ ഏല തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിക്കു വർഷം മുഴുവൻ ജലം ലഭ്യമാക്കാൻ സാധിക്കും എന്നാണു വിലയിരുത്തുന്നത്. കിണറുകളിലെ വരൾച്ചയും ഇതിലൂടെ തടയാനാകും. പുഴയുടെ തുടക്ക സ്ഥാനങ്ങളിൽ ഒന്നായ കരവായ്ക്കോണം സ്വാമിയാർ കുന്നിലെ നീർചാൽ വർഷങ്ങൾക്കു മുൻപു ഭൂമാഫിയ സംഘം മണ്ണിട്ടു നികത്തി റോഡ് നിർമിച്ചിരുന്നു. അന്നു പ്രതിഷേധം ഉയർന്നതല്ലാതെ നടപടി ഉണ്ടായില്ല
