തിരുവനന്തപുരം: ‘ഇന്ദീവര’ത്തിൽ ഒഎൻവി സ്മൃതികളുമായി കുട്ടികളും കവിയുടെ ആരാധകരും കുടുംബാംഗങ്ങളും ഒത്തുകൂടി. ഒഎൻവി കുറുപ്പിന്റെ ഓർമയ്ക്ക് എട്ടാണ്ടു തികയുന്നതോടനുബന്ധിച്ചാണ് ഒഎൻവിയുടെ വഴുതക്കാട്ടെ വസതിയായ ഇന്ദീവരത്തിൽ ഒത്തുകൂടൽ നടന്നത്.
കവിയുടെ പത്നി സരോജിനിയുടെ സാന്നിധ്യത്തിൽ സൂര്യഗീതവും അമ്മയും ഏകലവ്യനും കോതമ്പുമണികളുമൊക്കെ കുട്ടികൾ ആലപിച്ചു. മകൻ രാജീവ് ഒഎൻവി, മരുമകൾ ദേവിക, കൊച്ചുമകളും ഗായികയുമായ അപർണ എന്നിവരും മറ്റു കുടുംബാംഗങ്ങളും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്. പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഒഎൻവി കാവ്യാലാപന മത്സരത്തിൽ 4 വിഭാഗത്തിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 10 പ്രതിഭകളാണ് ഇന്ദീവരത്തിലെത്തിയത്. എല്ലാവരും കവിത ചൊല്ലി വിമൻസ് കോളജിലെ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയായ അമൃത, ‘അമ്മ’ എന്ന കവിത കാണാതെ പഠിച്ചു ചൊല്ലി. കവിയുടെ ഛായാചിത്രത്തിനു മുന്നിൽ കുട്ടികൾ ആദരമർപ്പിച്ചു.

