പോത്തൻകോട് : നാൽക്കാലികളെ കുളിപ്പിക്കാനും വസ്ത്രങ്ങൾ അലക്കാനും മറ്റും ഉപയോഗിക്കുന്ന തോട്ടിൽ രാത്രി കാലങ്ങളിൽ ടാങ്കറുകളിൽ എത്തിക്കുന്ന ശുചിമുറി മാലിന്യം ഒഴുക്കുന്നതായി പരാതി. വെമ്പായം പഞ്ചായത്തിൽ കന്യാകുളങ്ങര- മുരുക്കുംപുഴ പ്രധാന റോഡിൽ നന്നാട്ടുകാവ് മുടുമ്പിൽനട ഭാഗത്ത് ഇരപ്പിൽ -പേരുവിളാകം തോടിന്റെ ഇരുഭാഗത്തും സമീപത്തായുള്ള കൃഷിയിടങ്ങളിലുമായാണ് ശുചിമുറി മാലിന്യം ഒഴുക്കുന്നത്.
പ്രദേശമാകെ ദുർഗന്ധമാണ്. അർദ്ധരാത്രി 12നും പുലർച്ചെ 3നും ഇടയ്ക്കായതിനാൽ ആളെ തിരിച്ചറിയാനാകുന്നില്ല. 2 ദിവസം മുൻപ് പുലർച്ചെ 2ന് ടാങ്കർ ലോറിയിൽ മാലിന്യം ഒഴുക്കുന്നതു കണ്ട റബ്ബർ ടാപ്പിങ്ങിനു പോയ തൊഴിലാളിയെ ഇവർ വാഹനം കൊണ്ടിടിക്കാൻ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പറയുന്നു. മുൻപും സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്. പലവട്ടം പ്രദേശവാസികൾ പരാതി കൊടുത്തിട്ടുണ്ട്. അസമയങ്ങളിൽ പൊലീസ് പട്രോളിങ് വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
∙ പ്രശ്നം നേരിടുന്ന ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഈ സാമ്പത്തിക വർഷത്തിൽ വെമ്പായം പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് നന്നാട്ടുകാവ് വാർഡംഗം ചിത്ര പറഞ്ഞു. തുടർച്ചയായി ശുചിമുറി മാലിന്യം ഒഴുക്കുന്നതു സംബന്ധിച്ച് 5 മാസം മുൻപ് പോത്തൻകോട് പൊലീസിൽ രേഖാമൂലം പരാതി നൽകിയിരുന്നൂവെന്നും ഇതുവരെ നടപടിയുണ്ടാകുന്നില്ലെന്നും ചിത്ര പറഞ്ഞു.
