പോത്തൻകോട് : സമൂഹമാധ്യമത്തിലൂടെ വോട്ടിങ് മെഷീനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പങ്കുവച്ച് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിൽ യുവാവിനെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. ഇപ്പോൾ വിദേശത്തു ജോലിയുള്ള പോത്തൻകോട് മഞ്ഞമല സ്വദേശി എഫ്.അൻസാദിന്(36) എതിരെയാണ് കേസ്. ഇക്കഴിഞ്ഞ 8 നായിരുന്നു വിവാദ പോസ്റ്റ് ശ്രദ്ധയിൽപെട്ടത്. ‘വോട്ടിങ് മെഷീൻ പരിശോധിച്ചപ്പോൾ എല്ലാ വോട്ടുകളും ബിജെപിക്കു വീണു. ഞെട്ടിയ ഉദ്യോഗസ്ഥൻ മറ്റൊരു വോട്ടിങ് മെഷീൻ നോക്കിയപ്പോൾ 1000നു മുകളിൽ വോട്ടുകൾ ബിജെപിക്കെന്നും കണ്ടെത്തി. ഇതേ തുടർന്ന് കലക്ടറും മറ്റ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തി വരികയാണ്’ എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരം തിരുവനന്തപുരം സോഷ്യൽ മീഡിയ മോണിറ്ററിങ് സെല്ലാണ് കണ്ടെത്തിയത്. തുടർന്ന് അൻസാദ് അപവാദ പ്രചാരണമാണ് നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പു ചട്ട ലംഘനമെന്നും കാണിച്ച് കേസെടുക്കുകയായിരുന്നു.
