വിതുര : വീട്ടിൽ ആയുധനിർമാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്കു വിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയ ഡാൻസാഫ് ടീമും പോലീസും കണ്ടത് മാരകായുധങ്ങളും മാൻകൊമ്പും. ഇവയ്ക്കു പുറമേ ആയുധങ്ങൾ നിർമിക്കുന്നതിനുള്ള ഉപകരണങ്ങളും എയർഗണ്ണുമായി പിടികൂടിയത് നിരവധി കേസുകളിലെ പ്രതിയെ. വിതുര ആനപ്പാറ ചിറ്റാർ നാസ് കോട്ടേജിൽ ചിറ്റാർ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖ്(35) ആണ് അറസ്റ്റിലായത്.
ഇയാളുടെ വീട്ടിൽ ആയുധനിർമാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കിരൺ നാരായണനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.വിതുര, കല്ലാർ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ വിതുരയിൽ കാർ അടിച്ചുതകർത്ത കേസിലും വീട്ടിൽ ബോംബ് എറിഞ്ഞ കേസിലുമായി ജയിൽശിക്ഷ അനുഭവിച്ച ഷഫീഖ് രണ്ടുമാസം മുൻപാണ് പുറത്തിറങ്ങിയത്.
ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച വിവരത്തെത്തുടർന്ന് ഷഫീഖിന്റെ വീട് വളഞ്ഞ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ ഇരുനിലവീടിന്റെ മുകളിലത്തെ ഒരു മുറി ആയുധനിർമാണത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഏറുപടക്കങ്ങൾ, വെടിമരുന്ന്, വിവിധതരം മാരകായുധങ്ങൾ, എയർഗൺ എന്നിവ കൂടാതെ മാൻകൊമ്പും ഇവിടെനിന്നു കണ്ടെടുത്തു. ഏറുപടക്കങ്ങളും ആയുധങ്ങളും ഷഫീഖ് തന്നെയാണ് നിർമിച്ചിരുന്നത്.
