തിരുവനന്തപുരം : എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. നിലവാരമുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കൽ, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തരമുള്ള ശുശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷൻ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ കൈവരിക്കുന്ന ആശുപത്രികൾക്കാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ നല്കുന്നത്. ലേബർ റൂം-97.5%, മെറ്റേണിറ്റി ഒ.ടി.-98.5% എന്നിങ്ങനെയാണ് എസ്.എ.ടി.ക്ക് ലഭിച്ച സ്കോർ. ഇതോടെ സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ആയി.
പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. കൂടുതൽ ആശുപത്രികളെ ഈ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായും അവർ പറഞ്ഞു.
