തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് തിരിച്ചടിയാവുമെന്ന് അധ്യാപകര്‍. ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ പുറകോട്ടടിപ്പിക്കും.
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലക്ഷ്യമിട്ട് മാര്‍ജിനല്‍ സീറ്റ് വര്‍ധനയും താല്‍ക്കാലിക ബാച്ചുമെന്ന് സര്‍ക്കാര്‍ അനുവദിക്കുന്നത്. മലബാറില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പ്രവേശനം ലഭിക്കാതെ പ്രയാസപ്പെടുന്നത്. എല്ലാവര്‍ഷവും എസ്എസ് എല്‍സി ഫലം പ്രഖ്യാപിക്കുമ്പോള്‍ പ്രക്ഷേഭം നടക്കുമെന്നല്ലാതെ കാര്യമായ പ്രശ്നപരിഹാരം ഉണ്ടാവാറില്ല. കോഴിക്കോട് മാത്രം ഇക്കുറി ഉപരിപഠന യോഗ്യത നേടിയത് 43720 പേരാണ്. ആകെയുളളത് 30,700 സീറ്റുകളും. താല്‍ക്കാലിക സീറ്റ് വര്‍ധനവ് നടത്തിയാല്‍ പോലും 7,000ലേറെ പേര് ക്ലാസിന് പുറത്താവും. സിബിഎസ് സി, ഐസിഎസ് സി പത്താം ക്ലാസ് ഫലം വരുന്നതോടെ പുറത്തിരിക്കുന്നവരുടെ എണ്ണം ഇനിയുമുയരും.
ഈയിടെയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനു പകരം അധിക സീറ്റുകള്‍ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബാച്ചുകള്‍ക്ക് പകരം സീറ്റുകള്‍ കൂട്ടുന്നത് വഴി ക്ലാസ്മുറികളില്‍ ഇരട്ടിയോളം വിദ്യാര്ഥികളുണ്ടാവുന്ന അവസ്ഥയാണ്. 50 പേര്‍ക്ക് ഇരിക്കാവുന്ന ക്ലാസ് മുറികളാണ് സ്കൂളുകളിലുള്ളത്. മാര്‍ജിനല്‍ വര്‍ധനവിലൂടെ ഇത് 65ലെത്തുമ്പോള്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കും. ശാസ്ത്ര വിഷയങ്ങളില്‍ ലാബ് സൗകര്യത്തിലും ഇത് തിരിച്ചടിയാവും. അടിസ്ഥാന സൗകര്യ വികസനമില്ലാതെ സീറ്റ് കൂട്ടിയാല്‍ വിദ്യാര്‍ഥികളുടെ പഠനം പിറകോട്ടാവുമെന്നാണ് അധ്യാപകര്‍ പറയുന്നത്. മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് കാര്ത്തികേയന് കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, തെക്കന്‍ മേഖലകളില്‍ സീറ്റുകള്‍ ഇക്കുറിയും ഒഴിഞ്ഞുകിടക്കുകയാണ്.
