തിരുവനന്തപുരം : കരമന മരുതൂർകടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലിനെ(26) നടുറോഡിൽ കല്ലും കമ്പിയും ഉപയോഗിച്ചു ക്രൂരമായി അടിച്ചുകൊന്ന കേസിൽ 5 പേർ കൂടി അറസ്റ്റിലായി. കൊലയിൽ നേരിട്ട് പങ്കാളികളായ ഒന്നാം പ്രതി കൈമനം നീറമൺകര പൂന്തോട് ലക്ഷം വീട്ടിൽ വിനീഷ് രാജ് (വിനീത്–25), രണ്ടാം പ്രതി പാപ്പനംകോട് കൈമനം അരകത്തുവിള വീട്ടിൽ അഖിൽ (അപ്പു–26), മൂന്നാം പ്രതി കട്ടച്ചൽകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കൈമനം സ്വദേശി സുമേഷ്(26) പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച തിരുവല്ലം സ്വദേശി ഹരിലാൽ (27), തിരുമല സ്വദേശി കിരൺ കൃഷ്ണൻ (25) എന്നിവരെ ആണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്.
വാടകയ്ക്കു കാർ എടുത്ത നാലാം പ്രതി പുഞ്ചക്കരി നിരപ്പിൽ കൃഷ്ണ കൃപയിൽ അനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതി സുമേഷ്, അരുൺ ബാബു, അഭിലാഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. അഖിൽ, ഹരിലാൽ, വിനീഷ്, സുമേഷ് എന്നിവർ 2019ലെ അനന്തു വധക്കേസിലും പ്രതികളാണ്. കിരൺ കരമന സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇവരെല്ലാം ലഹരിക്ക് അടിമകളാണെന്നും പൊലീസ് പറഞ്ഞു. കൊലയ്ക്കു ശേഷം തിരുനെൽവേലി പൂതപാണ്ടിയിൽ ഒളിവിൽ പോയ അഖിലിനെ ശനി രാത്രിയോടെ അറസ്റ്റ് ചെയ്തു വിനീഷിനെ രാജാജി നഗർ കോളനിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വെള്ളി വൈകിട്ട് 5ന് ആണ് കൊല നടന്നത്. വീടിനു സമീപത്തുനിന്ന അഖിലിനോട് സംസാരിക്കാനുണ്ടെന്നു പറഞ്ഞു തടഞ്ഞു നിർത്തിയശേഷം ആക്രമിക്കുകയായിരുന്നു. കാറിലെത്തിയ നാലംഗ സംഘത്തിൽ അഖിൽ, വിനീഷ് രാജ് , സുമേഷ് എന്നിവർ ചേർന്നാണ് ക്രൂരമായി ആക്രമിച്ചത്. രക്ഷപ്പെടാനായി തൊട്ടടുത്തുള്ള തന്റെ പെറ്റ് ഷോപ്പിലേക്ക് ഓടിക്കയറാൻ അഖിൽ ശ്രമിച്ചു. പിന്തുടർന്നെത്തിയ പ്രതികൾ അഖിലിനെ അടിച്ചു വീഴ്ത്തിയ ശേഷം കയ്യിൽ കിട്ടിയതെല്ലാമെടുത്ത് ആക്രമിച്ചു. മരണം ഉറപ്പാക്കാനായി നെഞ്ചിൽ കല്ലെടുത്ത് അടിക്കുകയും ചെയ്തു. അതിക്രൂരമായ ആക്രമണത്തിന് ഇരയായ ശേഷമാണ് അഖിൽ കൊല്ലപ്പെട്ടതെന്നു പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.
വോട്ടെടുപ്പുദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും സുഹൃത്തുക്കളുമായി ഇവർ ഏറ്റുമുട്ടിയിരുന്നു. ബാറിലേക്കു കയറുമ്പോൾ വാതിൽക്കൽ നിന്നു മാറിക്കൊടുക്കാത്തതു സംബന്ധിച്ച തർക്കമായിരുന്നു കാരണം. അന്ന് പ്രതികളുടെ കൂട്ടത്തിലുള്ള കിരണിനും അഖിലിനും മർദനമേറ്റിരുന്നു. അഖിലിന്റെ താമസസ്ഥലവും ദിനചര്യയും നിരീക്ഷിച്ചു മനസിലാക്കി രണ്ടാഴ്ച നീണ്ട ആസൂത്രണത്തിനു ശേഷമാണു കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു.
∙ഏപ്രിൽ 26 രാത്രി 10 : പാപ്പനംകോട്ടെ ബാറിൽ അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ഏറ്റുമുട്ടി.
∙മേയ് 1: അഖിൽ, സുഹൃത്ത് വിശാഖ് എന്നിവരെ കുറിച്ച് പലരോടും അന്വേഷിച്ച് ഇവരുടെ പശ്ചാത്തലം മനസ്സിലാക്കി
∙മേയ് 5: അഖിലിന് പ്രാവ് വളർത്തലും മറ്റും ഉണ്ടെന്നു തിരിച്ചറിഞ്ഞ പ്രതികൾ പ്രാവിനെ വാങ്ങാനെന്ന പേരിൽ വിളിച്ചു വരുത്തി ആക്രമിക്കാൻ പദ്ധതിട്ടെങ്കിലും ഉപേക്ഷിച്ചു.
∙മേയ് 10: 2019ലെ അനന്തു കൊലക്കേസിലെ വിചാരണയുടെ ഭാഗമായി നെടുമങ്ങാട് കോടതിയിൽ രാവിലെ പോയി. 2 മണിയോടെകരമനയിൽ മടങ്ങി എത്തി സ്വകാര്യ ഫിനാൻസ് സ്ഥാപനമുള്ള അരുൺ ബാബുവിന്റെ വീട്ടിൽ സംഘം ഒത്തുകൂടി. ബാറിൽ വച്ച് പ്രശ്നമുണ്ടാക്കിയ അഖിലിനെയും വിശാഖിനെയും അപായപ്പെടുത്തണമെന്ന് തീരുമാനിച്ചു. നാലുമണിയോടെ നാലംഗ സംഘം പുറപ്പെട്ടു. മറ്റു നാലുപേർ പല വഴിക്ക് പിരിഞ്ഞു.
∙4.30ന് അനീഷ് വാടകയ്ക്കു എടുത്തിട്ടിരുന്ന കാറിൽ അഖിൽ, വിനീഷ് രാജ്, സുമേഷ് എന്നിവർ കരമനയിലേക്ക് പോയി. സുമേഷ് ആയിരുന്നു കാർ ഓടിച്ചത്. അഖിലിന്റെ സുഹൃത്ത് വിശാഖിനെ ആയിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പല വഴിക്ക് തിരഞ്ഞിട്ടും വിശാഖിനെ കിട്ടിയില്ല. ഒടുവിൽ അഖിലിനെ തിരക്കിയിറങ്ങി. വീടിനു സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന അഖിലിനെ കണ്ട പ്രതികൾ വാഹനം ഒതുക്കിയിട്ട ശേഷം പുറത്തിറങ്ങി സംസാരിക്കാനുണ്ടെന്നു പറഞ്ഞു അഖിലിനെ വിളിച്ചു.
∙ക്രൂരമായ ആക്രമണം കണ്ട് ഭയന്ന അനീഷ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കൂട്ടാളികളെ ഉപേക്ഷിച്ചു കാറുമായി മുങ്ങി. തിരുവല്ലം വരെ എത്തിയ ശേഷം പിന്നീട് സംഭവ സ്ഥലത്തു മടങ്ങി എത്തി. അപ്പോഴേക്കും മർദ്ദിച്ചവർ പോയിരുന്നു.
∙ സുമേഷ്, അഖിൽ (അപ്പു), വിനീഷ് എന്നിവർ പല വഴിക്ക് പിരിഞ്ഞു. അഖിൽ ഒളിവിൽ പോകും വഴി പൊലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ട കിരണിനെ കണ്ടുമുട്ടി. കിരൺ അഖിലിനെ മലയിൻകീഴിലെ വീട്ടിൽ സാധനങ്ങൾ ഇറക്കാനായി കൂട്ടിക്കൊണ്ടു പോയി. അവിടെ നിന്നു അഖിൽ തിരുനൽവേലിയിലേക്ക് കടന്നു. സുമേഷ് ഒഴികെയുള്ള മറ്റു പ്രതികൾ തലസ്ഥാനത്തു തന്നെ ഒളിവിൽ കഴിഞ്ഞു.
ക്രൂരമായ ആക്രമണമെന്ന് പൊലീസ്
മരണം ഉറപ്പിക്കാൻ അഖിലിന്റെ നെഞ്ചിലും തലയിലും ഭാരമേറിയ സിമന്റ് കട്ട എടുത്തിട്ടത് 6 തവണയെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പ് കമ്പി കൊണ്ട് 32 തവണ തല യിലും മുതുകിലുമായി തുടരെ തുടരെ അടിച്ചു. അഖിലിന്റെ ബോധം നഷ്ടമായിട്ടും അടി തുടർന്നു. ആദ്യം മൂന്നു പേരും ചേർന്നു അഖിലിനെ മതിലിൽ ചേർത്തു നിർത്തി ക്രൂരമായി മർദിച്ച് തള്ളിയിട്ട് ചവിട്ടിയെന്നും പിന്നീട് സുമേഷ് പിന്മാറിയെങ്കിലും മറ്റു രണ്ടുപേർ മർദനം തുടർന്നെന്നും പറയുന്നു.
തറയിൽ കിടന്ന അഖിലിന്റെ തലയിൽ അഖിൽ (അപ്പു) ആണ് ഇരുമ്പുവടി കൊണ്ട് തല്ലിയതത്രേ. വിനീഷ് രാജ് സിമന്റ് കട്ട കൊണ്ടും ആക്രമിച്ചു. ബോധം നഷ്ടപ്പെട്ടിട്ടും അഖിലിന്റെ തലയിൽ സിമന്റ് കട്ട എടുത്ത് ഇട്ട് പ്രതികൾ ക്രൂരത തുടർന്നു. അനക്കമില്ലെന്നു കണ്ട് മരണം ഉറപ്പിച്ചാണ് പ്രതികൾ പോയത്.
സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം. ആളുകൾ ഓടിയെത്തി അഖിലിനെ ആംബുലൻസിൽ കയറ്റുമ്പോൾ തലയോട്ടി ഉൾപ്പെടെ തകർന്ന നിലയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 8 മണിയോടെ അഖിൽ മരിച്ചു. കേസിൽ ആകെ 8 പ്രതികളാണ് ഉള്ളതെന്നും പൊലീസ് പറഞ്ഞു.
