ആറ്റിങ്ങൽ : തീരദേശഗ്രാമങ്ങൾ ഉൾപ്പെടുന്ന ഗ്രാമീണമേഖലയിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന്റെ വികസനം ഇന്നും എങ്ങുമെത്തിയിട്ടില്ല. തിരുവനന്തപുരം-കൊല്ലം റെയിൽവേ ലൈനിന്റെ തുടക്കകാലം മുതലുള്ള പ്രധാന റെയിൽവേ സ്റ്റേഷനായിട്ടും അടിസ്ഥാനസൗകര്യവികസനത്തിനുപോലും അധികൃതർ തയാറാകുന്നില്ല. സമീപസ്റ്റേഷനുകളായ ചിറയിൻകീഴും വർക്കലയിലും നിരവധി വികസനപ്രവർത്തനങ്ങൾ നടക്കുമ്പോഴും കടയ്ക്കാവൂർ സ്റ്റേഷൻ തീർത്തും അവഗണനയിലാണ്. കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് മേഖലയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ. നിലവിൽ ദീർഘദൂരയാത്രകൾക്ക് ഉൾപ്പെടെ ഈ സ്റ്റേഷനെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്.
കോവിഡ് കാലത്ത് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ് നിർത്തലാക്കിയിരുന്നു. ഇതിൽ ഗുരുവായൂർ എക്സ്പ്രസിന് രാവിലെയുള്ള സ്റ്റോപ് മാത്രമാണ് അടുത്തിടെ വീണ്ടും അനുവദിച്ചത്. അമൃത എക്സ്പ്രസ് ഉൾപ്പെടെയുള്ള പല ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിൽ ഒരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോം തീവണ്ടി കടന്നുപോകുന്നതിന് ഉപയോഗിക്കാത്തത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്ഫോമുകളിലാണ് ഇവിടെ നിലവിൽ ട്രെയിനുകൾ നിർത്തുന്നത്. പടി കയറി മേൽപ്പാതയിലൂടെ വേണം ഇവിടെയെത്താൻ. പ്രായമായവർക്കും അസുഖബാധിതരായ യാത്രക്കാർക്കുമെല്ലാം ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഒന്നാമത്തെ പ്ലാറ്റ്ഫോം നിലവിൽ ട്രെയിനുകൾ പിടിച്ചിടുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.

