തിരുവനന്തപുരം ∙ നടൻ മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി ടൂറിസം വകുപ്പ്. പ്രശസ്തമായ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണെന്ന് ടൂറിസം–പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ അറിയിച്ചു.

1.22 കോടി രൂപ മുടക്കിയാണ് കിരീടം പാലം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. സിനി ടൂറിസം പ്രൊജക്ട്–കിരീടം പാലം അറ്റ് വെള്ളായണി എന്നാണ് പദ്ധതിയുടെ പേര്. 1989ൽ സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കിരീടത്തിന്റെ പ്രധാന ലൊക്കേഷനായിരുന്നു വെള്ളായണിയിലെ പാലം. സിനിമ ഹിറ്റായതോടെ ഈ പാലം കിരീടം പാലമെന്ന് അറിയപ്പെടുകയായിരുന്നു.

മന്ത്രിയുടെ കുറിപ്പിൽനിന്ന്:
ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം. കിരീടം പാലം വിനോദസഞ്ചാരകേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസിൽ കിരീടം സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെൽപ്പാടങ്ങൾക്ക് നടുവിലെ ചെമ്മൺപാതയിൽ മോഹൻലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്.
കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയേയും ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്ക് ഓടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.

