നെടുമങ്ങാട്∙ കെഎസ്ആർടിസി നെടുമങ്ങാട് ബസ് സ്റ്റേഷൻ സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്നു. ഈ ഡിപ്പോയിലേക്ക് ഉള്ള യാത്രക്കാരുമായി മറ്റ് സ്ഥലങ്ങളിലും സമീപ ഡിപ്പോകളിൽ നിന്നും എത്തുന്ന ബസുകൾക്ക് നിലവിലുള്ള സ്ഥല പരിമിതി കാരണം തിരക്കുള്ള സമയങ്ങളിൽ ഡിപ്പോയ്ക്ക് പുറത്ത് യാത്രക്കാരുമായി കാത്ത് നിൽക്കേണ്ടി വരുന്നു.
ഡിപ്പോയുടെ ഉള്ളിലെ ബസുകളുടെ തിരക്ക് കുറയുന്ന മുറയ്ക്ക് മാത്രമേ ഈ വാഹനങ്ങൾക്ക്, ബസ് സ്റ്റേഷന് ഉള്ളിൽ കടന്ന് യാത്രക്കാരെ ഇറക്കാനും തിരികെ യാത്രക്കാരെ കയറ്റി പോകാനും കഴിയൂ. നല്ല തിരക്കുള്ള രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 6 വരെയുമാണ് ബസുകളുടെ ഈ തിരക്ക് കൂടുതലായി അനുഭവപ്പെടുക.
ഈ സമയങ്ങളിൽ മിക്കപ്പോഴും ബസ് സ്റ്റേഷന് ഉള്ളിലും ബസുകളുടെ ബ്ലോക്ക് ഉണ്ടാകാറുണ്ട്. ഡിപ്പോയുടെ ഉള്ളിൽ നിന്നും യാത്രക്കാരെ കയറ്റി പുറത്ത് ഇറങ്ങാനും സ്ഥല പരിമിതി കാരണം ഡ്രൈവർമാർക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വരുന്നു. തിരക്കുള്ള ഈ സമയത്ത് മറ്റ് പ്രദേശങ്ങളിൽ നിന്നും ഡിപ്പോകളിൽ നിന്നും ബസുകൾ ഈ ജില്ല ഡിപ്പോയിലേക്ക് തുരുതുരെ വന്ന് കയറുന്നതാണ് ബസ് സ്റ്റേഷന് ഉള്ളിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണം.
ഡിപ്പോയ്ക്ക് ഉള്ളിൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഭാഗത്തെ സ്ഥല കുറവും പ്രശ്നം ആകുന്നുണ്ട്. പ്രധാനമായും സ്കൂൾ കോളജ് സമയങ്ങളിൽ രാവിലെയും വൈകിട്ടും വിദ്യാർഥികളുടെയും മറ്റ് യാത്രക്കാരുടെയും തിരക്ക് കാരണം നിന്നു തിരിയാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഉണ്ടാകാറുള്ളത്. മഴ ആയാൽ ബസ് സ്റ്റേഷന് പുറത്തു കാത്തു നിൽക്കുന്ന യാത്രക്കാരും ബസ് സ്റ്റേഷന് അകത്തേക്ക് കയറും. ഇത് കൂടാതെ ബസ് സ്റ്റേഷന് ഉള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, തട്ടുകട, മറ്റ് സ്റ്റാളുകളിലുമായി വരുന്നവരുടെ തിരക്ക് കൂടി ആകുമ്പോൾ ഇവിടെ നിന്നു തിരിയാനാകാത്ത അവസ്ഥയാണ്.
രാത്രി ബസുകൾ ഡിപ്പോയുടെ ഉള്ളിൽ ഒതുക്കി ഇടാൻ വേണ്ടത്ര സ്ഥലം ഇല്ലാത്തതിനാൽ ബസ് സ്റ്റേഷന് മുന്നിലെ റോഡിലും പുറത്തെ വശത്തുള്ള സൂര്യ റോഡിലുമാണ് ഒന്നിന് പുറകെ ഒന്നായി പാർക്ക് ചെയ്യുന്നത്. ഇതിനാൽ സൂര്യ റോഡ് വഴി മറ്റ് വാഹനങ്ങൾക്ക് സുഗമമായി തലങ്ങും വിലങ്ങും കടന്ന് പോകാനും വിഷമം അനുഭവപ്പെടുന്നു. കൂടാതെ ബസ് ഡിപ്പോയുടെ ഉള്ളിൽ തെരുവ് നായ്ക്കളുടെ ശല്യവും ഉണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് നല്ല തിരക്കുള്ള ഈ ബസ് സ്റ്റേഷനെ ജില്ലാ ഡിപ്പോ ആയി ഉയർത്തിയത്. മലയോര താലൂക്കിലെ ഈ പ്രധാന ബസ് ഡിപ്പോയുടെ വളർച്ചയ്ക്ക് അനുസരിച്ച് ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 2 ഏക്കറിൽ താഴെയുള്ള സ്ഥലത്താണ് നഗര മധ്യത്തിൽ ഈ പ്രധാന ഡിപ്പോ പ്രവർത്തിക്കുന്നത്.
