തിരുവനന്തപുരം : കുവൈത്തിൽ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തം ഏറെ അകലെയല്ല എന്ന് ഓർമിപ്പിക്കും വിധം സംസ്ഥാനത്ത് അഗ്നിരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത കെട്ടിടങ്ങൾ വ്യാപകമാകുന്നു. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ മുതൽ കേരളത്തിലെ ഏറ്റവും വലിയ ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വരെ അഗ്നിസുരക്ഷ തോന്നും പോലെയാണ്. സംസ്ഥാനത്ത് അഗ്നിരക്ഷാ സേനയുടെ എൻഒസി ഇല്ലാത്ത അഞ്ഞൂറോളം അനധികൃത ഗോഡൗണുകൾ ഉണ്ടെന്നാണ് വിവരം. തിരുവനന്തപുരം മേനംകുളത്ത് മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ അഗ്നിരക്ഷാ സേനാ ഉദ്യോസ്ഥൻ രഞ്ജിത്ത് മരിച്ചിട്ടും അധികാരികൾ കണ്ണുതുറന്നില്ല. ആ ഗോഡൗണിനും എൻഒസി ഇല്ലായിരുന്നു.
തള്ളിത്തുറക്കാൻ പോലും കഴിയാത്ത വിധം അടഞ്ഞുകിടക്കുന്ന, രാജഭരണകാലത്തെ വാതിലുകളാണ് സെക്രട്ടേറിയറ്റിലെ ഏറ്റവും വലിയ ഭീഷണി. ആധുനിക വൈദ്യുതി ഉപകരണങ്ങൾ കാലാകാലങ്ങളിൽ വയ്ക്കാറുണ്ടെങ്കിലും അവ താങ്ങുന്നതിനുള്ള വയറിങ് സംവിധാനങ്ങളില്ല. സെക്രട്ടേറിയറ്റിലെ അഗ്നി സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും ഓഫിസുകൾ പ്രവർത്തിക്കുന്ന ഇവിടെ ആയിരക്കണക്കിന് ആളുകളാണ് നിത്യേന വന്നുപോകുന്നത്; വിഐപികളുടേതുൾപ്പെടെ വാഹനങ്ങളും. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളും നാടിന്റെ വികസനവുമുൾപ്പെടുന്ന വിലപിടിപ്പുള്ള സർക്കാർ രേഖകളും ലക്ഷക്കണക്കിന് ഫയൽശേഖരവും വേറെ. നൂറുകണക്കിന് ഓഫിസുകളിലായി ആയിരത്തോളം ജീവനക്കാരും. ഇടുങ്ങിയ വഴികളാണ് അധികവും. നിർമിതികളിൽ അധികവും തടിയിലാണ്.
പ്രാഥമിക അഗ്നിശമന ഉപകരണങ്ങളായ ഫയർ എക്സ്റ്റിൻഗ്യൂഷറുകൾ പ്രധാനപ്പെട്ട ഓഫിസുകളിലെല്ലാമുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാൻ ജീവനക്കാർക്കു വേണ്ടത്ര പരിശീലനം നൽകിയിട്ടില്ല. അരഡസനോളം അഗ്നിരക്ഷാ സേനാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ പെട്ടെന്ന് തീപിടിത്തം പോലുള്ള ദുരന്തമുണ്ടായാൽ അതിനെ നേരിടാൻ തികച്ചും അപര്യാപ്തമാണ് ഇപ്പോഴത്തെ സംവിധാനം. ഇ- വേസ്റ്റുൾപ്പെടെ ലോഡുകണക്കിന് മാലിന്യങ്ങൾ സൂക്ഷിക്കുന്നിടത്തോ വാഹനങ്ങളുടെ പാർക്കിങ് ഏരിയയിലോ കന്റീൻ പരിസരത്തോ അഗ്നി സുരക്ഷയ്ക്ക് യാതൊന്നുമില്ല. സെക്രട്ടേറിയറ്റ് വളപ്പിൽ തീപിടിത്തം തടയാൻ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനത്തിനാവശ്യമായ വെള്ളമില്ല.

ഏറ്റവും കൂടുതൽ രോഗികളെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായാൽ നിലവിലെ സ്ഥിതിയിൽ അത് ഗുരുതരമാകും. തുരുമ്പി പഴകിയ ഫയർ എക്സ്റ്റിൻഗ്യൂഷറുകളും പ്രവർത്തന രഹിതമായ വാട്ടർ സ്പ്രെയറുമാണ് ആശുപത്രിയിൽ അധികവും. വർഷത്തിൽ രണ്ട് തവണ ഫയർ ഓഡിറ്റ് നടത്തി ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും നടപ്പാകുന്നില്ല
