തിരുവനന്തപുരം : തിങ്കളാഴ്ച ഉച്ചയ്ക്കു 1.21ന് ആണ് വെൺപാലവട്ടത്തെ സർവീസ് റോഡിലെ യാത്രക്കാർ മേൽപാലത്തിനു മുകളിൽ കൂട്ടിയിടിച്ചതു പോലുള്ള ശബ്ദം കേട്ടത്. കണ്ണടച്ചു തുറക്കും മുൻപ് മുകളിൽ നിന്നൊരാൾ താഴേക്ക്… ഓടിയെത്തിയവരുടെ കൺമുന്നിൽ ഒരു കുഞ്ഞും രണ്ടു സ്ത്രീകളും ഓടയിലും റോഡിലുമായി ചോരയൊലിച്ചു കിടക്കുന്നു. കണ്ടവർ ആദ്യം പകച്ചു പോയെങ്കിലും രക്ഷാപ്രവർത്തനം വൈകിയില്ല. മൂവരെയും വാഹനങ്ങളിൽ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ പൊലീസും എത്തി. ഏതോ വാഹനം തട്ടിയിട്ടെന്നായിരുന്നു ആദ്യം സംശയിച്ചത്. പാലത്തിനു മുകളിലെ ദൃക്സാക്ഷികളായ യാത്രക്കാരാണ് സ്കൂട്ടർ പെട്ടെന്ന് നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞതാണെന്ന് പൊലീസിനെ അറിയിച്ചത്. ശക്തമായ ഇടിയെത്തുടർന്ന് സ്കൂട്ടർ യാത്രികർ പാലത്തിൽ നിന്നു താഴേക്കു വീണു. പിന്നീട് സർവീസ് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് സിമി ഉൾപ്പെടെ മൂന്നുപേരും താഴേക്കു വീഴുന്ന ദൃശ്യം ലഭിച്ചത് .
മഴയെത്തും മുൻപേ വീടെത്തണമെന്നു പറഞ്ഞ് കൊല്ലത്തു നിന്നിറങ്ങിയ സഹോദരിമാരും പിഞ്ചു കുഞ്ഞുമടങ്ങുന്ന സംഘത്തിൽനിന്ന് സിമി മാത്രം വീടണഞ്ഞില്ല. കഴക്കൂട്ടം–കോവളം ബൈപാസിലെ വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിനു പിന്നിലിരുന്ന സിമി താഴ്ചയേറിയ സർവീസ് റോഡിലേക്കു തെറിച്ചു വീണാണ് മരണമടഞ്ഞത്. കൊല്ലം മയ്യനാട്ടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് അനുജത്തി സിനി(32) ഇവരുടെ മകൾ ശിവന്യ(മൂന്ന്) എന്നിവർക്കൊപ്പം സിമി ഇന്നലെ രാവിലെ കോവളത്തു നിന്നു പോയത്. മറ്റു ബന്ധുക്കൾ ട്രെയിനിലും എത്തി. മഴയ്ക്കു സാധ്യത ഉള്ളതിനാൽ, ചടങ്ങു കഴിഞ്ഞതോടെ നേരത്തെ ഇറങ്ങാമെന്നു പറഞ്ഞാണ് ഇവർ യാത്ര തിരിച്ചത്. ട്രെയിൻ ഇറങ്ങി വീട്ടിൽ എത്തിയ മറ്റു ബന്ധുക്കളെ തേടി പ്രിയപ്പെട്ടവരുടെ അപകടവാർത്തയാണു എത്തിയത് .
മേൽപാലത്തിൽനിന്ന് തെറിച്ചു വീണ് സ്കൂട്ടർ യാത്രിക മരിച്ച സംഭവം: വാഹനമോടിച്ച യുവതിക്കെതിരെ കേസ്

തിരുവനന്തപുരം : കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ വെണ്‍പാലവട്ടത്തിനു സമീപം സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മേല്‍പ്പാലത്തില്‍ ഇടിച്ച് യുവതി സര്‍വീസ് റോഡില്‍ വീണു മരിച്ച സംഭവത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന സിനിക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചത് അപകടകാരണമായെന്ന് പൊലീസ് പറയുന്നു.

