നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ വയറിളക്കവും ഛർദിയും കാരണം അന്തേവാസികളിൽ ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് കോളറ സ്ഥിരീകരിക്കുകയും ചെയ്തതിനെത്തുടർന്ന് തവരവിളയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റൽ താൽക്കാലികമായി പൂട്ടി. ഭിന്നശേഷിക്കാരനായ വിതുര തൊളിക്കോട് മലയടി മുളമൂട്ടിൽ വീട്ടിൽ അനിൽ കുമാറിന്റെ മകൻ അനു(26) ആണു വെള്ളിയാഴ്ച വൈകിട്ടു മരിച്ചത്. പിന്നാലെ ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച 10 വയസ്സുകാരനു കോളറ സ്ഥിരീകരിച്ചു. സമാന ലക്ഷണങ്ങളുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ 6 പേർ ചികിത്സയിൽ ഉണ്ടായിരുന്നു. ഇന്നലെ വീണ്ടും ഇതേ ലക്ഷണങ്ങളുമായി 4 പേരെ കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. എന്നാൽ കോളറയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടില്ല.അനുവിന്റെ മരണകാരണവും കോളറയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അന്തേവാസികളിലെ ഒരു കുട്ടിക്കു രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ള മറ്റു 11 പേർക്കും കോളറ ആകാനാണു സാധ്യതയെന്നു ജില്ല മെഡിക്കൽ ഓഫിസർ ഡോ.ബിന്ദുമോഹൻ പറഞ്ഞു. എന്നാൽ കോളറയ്ക്ക് എതിരെയുള്ള മരുന്ന് കഴിച്ചതിനാൽ മരിച്ച അനുവിന് കോളറ ബാധ ഉണ്ടായിരുന്നോ എന്ന് ഇനി കണ്ടെത്താനാകില്ല. മരുന്ന് കഴിച്ച മറ്റുള്ളവർക്കും രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കാനുമാവില്ല. അവസാനം ചികിത്സ തേടിയ 4 പേരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . സ്ഥാപനത്തിന്റെ പരിസരങ്ങളിൽ നിന്നും മരിച്ച അനുവിന്റെ വീട്ടിൽ നിന്നും പരിശോധനയ്ക്ക് ആവശ്യമായ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ രോഗികളുണ്ടായാൽ ഐരാണിമുട്ടത്ത് ഐസലേഷൻ കേന്ദ്രം തുടങ്ങുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. നെയ്യാറ്റിൻകര, പാറശാല, നേമം മേഖലകളിൽ നിരീക്ഷിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും ഡിഎംഒ അധ്യക്ഷയായ 15 അംഗ സമിതിയെ നിയോഗിച്ചു.മരിച്ച അനു ഉൾപ്പെടെ ഇവിടെ 65 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നു ശ്രീ കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റി പ്രിൻസിപ്പൽ അനിത പറഞ്ഞു.
