പോത്തൻകോട് (തിരുവനന്തപുരം) : ചർച്ച ചെയ്യുന്ന വിവിധ വിഷയങ്ങൾ, നടത്തുന്ന വിവിധ സമ്മേളനങ്ങൾ, സാംസ്കാരിക ഉത്സവങ്ങൾ എന്നിവയുടെ പ്രാധാന്യം കൊണ്ടു തന്നെ ശാന്തിഗിരി ഫെസ്റ്റ് ചരിത്രത്തിൽ ഇടം നേടുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒട്ടേറെ പുതുമകളോടെ അവതരിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന്റെ വിളംബരം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാടിന്റെയും രാജ്യത്തിന്റെയും പരിച്ഛേദമാണ് ശാന്തിഗിരി. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരു പോലെ കടന്നുവരാവുന്ന ഇടമാണിത്. വരുന്നവർക്ക് അന്നവും സമാധാനവും നൽകുന്ന ശാന്തിയുടെ കൊടുമുടി നാടിന് അഭിമാനമാണ്. എല്ലാ മതങ്ങളും മനുഷ്യനന്മ ലക്ഷ്യമിട്ടുകൊണ്ടുള്ള സന്ദേശങ്ങളാണ് നൽകുന്നതെങ്കിലും ശാന്തിഗിരി നൽകുന്നത് മനുഷ്യന്റെ നന്മ മാത്രമല്ല മനുഷ്യന്റെ ശാന്തിയും സമാധാനവും സൌഹൃദവും സാഹോദര്യവും കൂടുതൽ വ്യാപകമാക്കുക എന്ന സന്ദേശം കൂടിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അഡ്വ. എ.എ.റഹീം എം.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ. അനിൽകുമാർ, വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജഗന്നാഥപിള്ള, അഡ്വ എം. മുനീർ, റാഫി എസ്.എം., കെ.ഷീലകുമാരി, ആർ.സഹീറത്ത് ബീവി, എം.അനിൽകുമാർ, സജീവ് കെ., കോലിയക്കോട് മഹീന്ദ്രൻ പള്ളിനട എം. നസീർ, ദീപ അനിൽ, കിരൺദാസ് കെ., ഷോഫി കെ.. എം.പി. പ്രമോദ് എന്നിവർ സംസാരിച്ചു. ബൈപ്പാസ് റോഡിൽ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവേശനകവാടം മുതൽ കാർണിവൽ നഗരി മുഴുവൻ കാഴ്ചയുടെ വർണ്ണവിസ്മയങ്ങൾ തീർത്താണ് ഇക്കുറി ഫെസ്റ്റിന്റെ വരവ് പതിവ് പ്രദർശന വിപണന മേളയ്ക്കപ്പുറം ദീപാലങ്കാരങ്ങളുടെ വസന്തമാണ് ഒരുക്കിയിരിക്കുന്നത്. സ്ഥിരം ശൈലിയിൽ നിന്ന് മാറി പുതുതലമുറയ്ക്ക് കൂടി ഹൃദ്യമാകുന്ന രീതിയിലാണ് ഓരോ ഇൻസ്റ്റലേഷനും. ആശ്രമത്തിലെ അതിവിശാലമായ ജലസംഭരണിയും വാട്ടർ ഫൌണ്ടയ്നും ചുറ്റുമുളള പാറയിലെ പ്രകാശവിന്യാസവും കണ്ണും മനസ്സും നിറയ്ക്കും.
13,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, കടന്നുപോകുന്ന വഴിയിലുടനീളം ഉദ്വേഗം നിറഞ്ഞുനിൽക്കുന്ന ഗോസ്റ്റ് ഹൗസ്, ശാസ്ത്രസാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ, വിസ്മയം ത്രീഡി ഷോ, പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക്, നക്ഷത്രവനം, കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്കാരം, ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ, വെൽനസ്സ് സെന്റർ എന്നിവയും ഫെസ്റ്റിലുണ്ട്. ഹാപ്പിനസ് പാർക്കിലെ വൈദ്യുത ദീപാലങ്കാരങ്ങളാണ് മറ്റൊരു ആകർഷണം. മരത്തിന്റെ ശീതളശ്ചായയിൽ ഹാപ്പിയായി ഇരുന്ന് ജലാശയവും കാഴ്ചകളും കാണാൻ നിരവധി പേരാണ് ശാന്തിഗിരിയിലേക്ക് ഒഴുകിയെത്തുന്നത് ഫെസ്റ്റ് തുടങ്ങുന്നതിനോടൊപ്പം ആശ്രമം സ്പിരിച്വൽ സോണിലും ലൈറ്റ് & സൌണ്ട് ഷോയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്.
താമരപ്പർണ്ണശാല വീണ്ടും വർണ്ണപ്രഭ ചൊരിയും. 2010ൽ മുപ്പത് ലക്ഷത്തിലധികം പേരാണ് പർണ്ണശാലയിലെ പ്രകാശ വിന്യാസം കാണാനെത്തിയത്. സന്ദർശകർക്ക് ഇത്തവണ ഗുരുവിന്റെ ഉദ്യാനം കൂടി കാണാനാവും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജാതി മത ഭേദമന്യേ ആർക്കും ആശ്രമത്തിന്റെ സ്പിരിച്വൽ സോണിൽ പ്രവേശിക്കാം. വിവിധ രാജ്യങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണരുചികൾ ഉൾപ്പെടുത്തിയുളള ഫുഡ് ഫെസ്റ്റിവലാണ് മറ്റൊരു പ്രത്യേകത. അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും പ്രവർത്തിദിനങ്ങളിൽ വൈകിട്ട് 3 മണി മുതൽ രാത്രി 10 മണി വരെയുമാകും പ്രവേശനം.
ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം
സ്കൂൾ വിദ്യാർത്ഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം. പകൽസമയത്തും സമയ പരിമിതി ഇല്ലാതെയും കുട്ടികൾക്ക് കാർണിവൽ നഗരിയിൽ പ്രവേശിക്കാം. വിനോദത്തിനൊപ്പം വിജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന എഡ്യൂ-ഫെസ്റ്റിന്റെ പ്രയോജനം കൂടി വിദ്യാർത്ഥികളിൽ എത്തിക്കാനാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നതെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു.
സ്കൂളുകളില് നിന്നും ഗ്രൂപ്പായി ഫെസ്റ്റ് കാണുവാന് എത്തുന്ന കുട്ടികൾക്ക് പ്രത്യേക പാസ് വേണ്ടതില്ല. പ്രധാന അദ്ധ്യപകന്റെ കത്ത് മതിയാകും. രക്ഷിതാക്കൾക്കൊപ്പം എത്തുന്നവർ ആധാർ, സ്കൂൾ ഐഡന്റിറ്റി കാർഡ് ഇവയിൽ ഏതെങ്കിലുമൊന്ന് കയ്യിൽ കരുതണം. പ്ലസ്ടു വരെയുളള സ്കൂൾ കുട്ടികൾക്കാണ് സൗജന്യപ്രവേശനം ഉള്ളത്. ഗാന്ധിജയന്തിദിനത്തിൽ ഫെസ്റ്റിന്റെ വിളംബരമായതോടെ നിരവധിപേരാണ് ഫെസ്റ്റിലേക്കെത്തുന്നത്. തിരക്ക് നിയന്ത്രിക്കാൻ സംഘാടകർ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു.
ഫെസ്റ്റിന്റെ മൂന്നാം പതിപ്പിൽ മുഴുവൻ വ്യത്യസ്തമായ കാഴ്ചകളാണ്. പ്രവേശനകവാടത്തിനടുത്തുളള ഗോശാല മുതൽ ആശ്രമത്തിന്റെ സ്പിരിച്വൽ സോണിലെ ഗുരുവിന്റെ ഉദ്യാനം വരെയുളള ക്രമീകരണങ്ങളിൽ ഓരോയിടത്തും വ്യത്യസ്തത നിറച്ചാണ് ഇത്തവണത്തെ പ്രദർശനം. സെൽഫി പോയിന്റുകൾക്കുമപ്പുറം നക്ഷത്രവനത്തിലെത്തി തങ്ങളുടെ ജന്മനക്ഷത്രത്തിന്റെ മരം കണ്ടു പിടിച്ച് സെൽഫി എടുക്കാനും കുട്ടികൾ കൗതുകം കാണിക്കുന്നുണ്ട്.
പെറ്റ് ഷോ, അക്വാഷോ എന്നിവയ്ക്കു പുറമെ ഹീലിംഗ് ഗാർഡൻ, വൈൽഡ് ഗാർഡൻ എന്നിവയും മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നു. മൃഗങ്ങളുടെയും പക്ഷികളുടേയും മോഡലുകൾ നിറഞ്ഞ വെൽഡ് ഗാർഡൻ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടിയാണ് മുന്നോട്ട് വെയ്ക്കുന്നത്. വിനോദത്തിനൊപ്പം വിവിധ മേഖലകളെ സംബന്ധിച്ച് അറിവ് നേടാനുളള ഇടങ്ങളും ഫെസ്റ്റിലുണ്ട്.
കുഞ്ഞുമനസ്സുകളിൽ പോലും ഹൃദ്യത ചൊരിയുന്ന രീതിയിലാണ് ഓരോ അവതരണവും. ഹാപ്പിനസ് പാർക്കാണ് സന്തോഷം സമ്മാനിക്കുന്ന മറ്റൊരിടം. ശാന്തിഗിരിയിലെ കാണാകാഴ്ചകൾ സൗജന്യമായി കാണാൻ അവസരമൊരുക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫെസ്റ്റ് കോർഡിനേഷൻ ഓഫീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9207410326
