തിരുവനന്തപുരം : തൃശൂർ പൂരം കലങ്ങി ആറു മാസം കഴിയാറായിട്ടും ആരാണ്, എന്തിനാണ് പൂരം കലക്കിയതെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. പൂരം കലങ്ങിയതിൽ അന്വേഷണപ്പൂരവുമായാണ് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ആദ്യം എഡിജിപിയെ എഴുന്നള്ളിച്ച് അന്വേഷണത്തിന്റെ ചെറുപൂരം നടത്തിയ സർക്കാർ ഇപ്പോൾ മൂന്നു കൊമ്പന്മാരെയാണ് അന്വേഷണത്തിന്റെ കുടമാറ്റവുമായി പൂരപ്പറമ്പിൽ ഇറക്കിയിരിക്കുന്നത്. ഇനി ഈ മൂന്നു കൊമ്പന്മാരും അന്വേഷണപ്പൂരം കഴിഞ്ഞു പിരിയുമ്പോഴെങ്കിലും യഥാർഥ്യത്തിന്റെ നിലയമിട്ടുകൾ തൃശൂരിന്റെ ആകാശത്ത് ഉയർന്നു പൊങ്ങുമോ എന്നു കാത്തിരുന്നു കാണാം. അടുത്ത പൂരക്കാലത്ത് ഇലഞ്ഞിത്തറമേളത്തിനു കോലുവീഴും മുൻപെങ്കിലും സത്യമറിയാമെന്ന പ്രതീക്ഷയിലാണ് നെഞ്ചുകലങ്ങിയ പൂരപ്രേമികൾ.
തൃശൂർ പൂരം കലങ്ങിയതു സംബന്ധിച്ച് സിപിഐ ഉൾപ്പെടെ വലിയ പ്രതിഷേധം ഉയർത്തിയപ്പോൾ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിനെയാണ് അനേഷിക്കാൻ നിയോഗിച്ചത്. ആദ്യഘട്ടത്തിൽ തലയൂരാൻ എല്ലാ പഴിയും കമ്മിഷണർ അങ്കിത് അശോകിന്റെ തലയിൽ വച്ച് അദ്ദേഹത്തെ സ്ഥലം മാറ്റി. തുടർന്ന് അഞ്ചു മാസത്തോളം അന്വേഷണം നീണ്ടു. ഒടുവിൽ ഒരു തരത്തിലുള്ള അന്വേഷണവും നടക്കുന്നില്ല എന്ന തരത്തിൽ വിവരാവകാശ മറുപടി പുറത്തുവന്നതു വിവാദമായതോടെ പെട്ടെന്നു തന്നെ എഡിജിപി അന്വേഷണ റിപ്പോർട്ട് ഡിജപിക്ക് കൈമാറുകയായിരുന്നു. കമ്മിഷണർക്കൊപ്പം ദേവസ്വങ്ങളെയും പ്രതിക്കൂട്ടിലാക്കിയാണ് എഡിജപി റിപ്പോർട്ട് നൽകിയത്. നിയമപരമായ നിയന്ത്രണങ്ങൾ നടപ്പാക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും ദേവസ്വങ്ങൾ മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നുമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ റിപ്പോർട്ട് തള്ളിയ ഡിജിപി, എഡിജിപിയുടെ വീഴ്ചകൾ കൂടി പരിശോധിക്കണമെന്ന ശുപാർശയോടെ ആഭ്യന്തരസെക്രട്ടറിക്കു റിപ്പോർട്ട് നൽകി. ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചതോടെയാണു തുടർഅന്വേഷണ പരമ്പരയ്ക്കു കളമൊരുങ്ങിയിരിക്കുന്നത്.
അതേസമയം, എഡിജിപി സമർപ്പിച്ച റിപ്പോർട്ട് സമഗ്രമല്ലെന്നു മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തിൽ സമ്മതിച്ചുവെങ്കിലും റിപ്പോർട്ട് പൂർണമായി തള്ളിയിട്ടില്ല. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാകുന്ന ഒരു കാര്യം വ്യക്തമായ ലക്ഷ്യത്തോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അങ്ങനെ സംശയിക്കാൻ ഉള്ള അനേകം കാര്യങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
തിരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിർത്തി അരങ്ങേറിയ ഒരു ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ബോധപൂർവ്വം ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ ഒരു കണ്ടെത്തലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൂരം നടത്തിപ്പുകാരിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. അതുൾപ്പെടെ അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ചു കണ്ടുപിടിച്ചു ഭാവിയിൽ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കൽ അനിവാര്യമായ കാര്യമാണെന്നു വ്യക്തമാക്കിയാണ് തുടർ അന്വേഷണത്തിനുള്ള നീക്കം.
എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. പൂരവുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ അന്വേഷിക്കുന്നതിന് ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനെ ചുമതലപ്പെടുത്തി.
അതിനൊപ്പം സിപിഐയെ തണുപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതേക്കുറിച്ച് പരിശോധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തി. വീഴ്ചയുണ്ടായെന്ന് ഡിജിപി ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് എഡിജിപിയെ മാറ്റിനിർത്തേണ്ടതല്ലേ എന്ന ചോദ്യത്തിന് അന്വേഷിക്കാതെയാണ് ഡിജിപി റിപ്പോർട്ട് നൽകിയതെന്നും ആ സാഹചര്യത്തിൽ കൂടുതൽ അന്വേഷിക്കാനാണു നിർദേശം നൽകിയിരിക്കുന്നതെന്നുമുള്ള വിചിത്രമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഇത്ര വിവാദമായ വിഷയത്തിൽ എഡിജിപിക്കെതിരെ ഡിജിപി കൂടുതൽ അന്വേഷണമൊന്നും നടത്താതെ സർക്കാരിനും മുഖ്യമന്ത്രിക്കും റിപ്പോർട്ട് നൽകുമോ എന്ന ചോദ്യം ബാക്കിയാകുന്നു.
പൂരത്തിന് മൂന്നു ദിവസം മുൻപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അജിത്കുമാർ നിർദേശിച്ച മാറ്റങ്ങളാണു പ്രശ്നം വഷളാക്കിയതെന്ന ആക്ഷേപമാണ് ഉയർന്നത്. കൂടുതൽ ബാരിക്കേഡുകളടക്കം നിരത്തിയത് സ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങൾക്കു വഴിവച്ചു. ‘മുകളിൽനിന്നുള്ള ഉത്തരവ്’ എന്ന പേരിലാണ് പൊലീസ് ഇവ നടപ്പാക്കിയത്. ഇതെച്ചൊല്ലി പൂരപ്രേമികളും പൊലീസും കൊമ്പുകോർത്തതു സ്ഥിതി വഷളാക്കി. പൂരദിവസം തൃശൂരിലുണ്ടായിരുന്ന എഡിജിപി പ്രശ്നം രൂക്ഷമായതോടെ രണ്ടു തവണ പൂരസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. പുലർച്ചെ മൂന്നരയോടെ മടങ്ങിയ അദ്ദേഹം ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും ആക്ഷേപമുണ്ട്.
വിവാദങ്ങളുടെ പൊടിപൂരം
തൃശൂർ പൂരം നടന്ന 2024 ഏപ്രിൽ 19ന് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണു വൻ വിവാദത്തിലായത്. 21ന് പുലർച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിനു തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവ കെട്ടിയടച്ചു പൂരനഗരിയിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. ഇതോടെ രാത്രിപ്പൂരം കാണാനെത്തിയവരിൽ ഭൂരിഭാഗം പേർക്കും റൗണ്ടിലേക്കു കടക്കാനായില്ല. സാധാരണ പുലർച്ചെ മൂന്നിനുള്ള വെടിക്കെട്ടിനു രണ്ടു മണിയോടെ മാത്രമാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി നിർത്തിയിരുന്നത്.
