ഇടവ : കാപ്പിൽ–ഇടവ റെയിൽവേ സ്റ്റേഷനുകളുടെ ഇടയിലായി ജനവാസമേഖലയായ കണ്ണംമൂട് –പാറയിൽ പ്രദേശത്തെ റെയിൽവേ ട്രാക്ക് അരികിലേക്ക് ഓടുന്ന ട്രെയിനിൽ നിന്നു കവറിലാക്കി മാലിന്യം തള്ളുന്നതായി പരാതി. റെയിൽവേ ട്രാക്ക് പരിസരത്ത് നിരവധി വീട്ടുകാരെ ദുരിതത്തിലാക്കുന്ന പ്രവണത കാരണം തെരുവുനായ ശല്യം പരിസരത്ത് രൂക്ഷമായി. റെയിൽവേ ട്രാക്കിനരികിലൂടെ വീട്ടുകാർക്ക് ഇപ്പോൾ വഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയെന്നാണ് പറയുന്നത്.
തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന ദീർഘദൂര ട്രെയിനുകളിൽ നിന്നാണ് ഭക്ഷണ അവശിഷ്ട സാധനങ്ങളും പ്ലാസ്റ്റിക് കവറുകളും അടങ്ങിയ വലിയ സഞ്ചികൾ ട്രാക്കിനു അരികിൽ പതിക്കുന്നത്. ഇത് ട്രെയിനിലെ പാൻട്രി കാറുകളിൽ നിന്നാണെന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരത്തേക്കു പോകുന്ന ട്രെയിനുകളിൽ നിന്നു സന്ധ്യ കഴിയുന്നതോടെ കണ്ണംമൂട്–പാറയിൽ പ്രദേശങ്ങളെ ലക്ഷ്യമാക്കിയാണ് മാലിന്യമെറിയുന്നത്. ട്രാക്കിനു ഇരുവശത്തും വളർന്നു നിൽക്കുന്ന കുറ്റിക്കാടുകൾ ലക്ഷ്യമാക്കിയാണ് വലിച്ചെറിയൽ.
മാലിന്യം തള്ളൽ പതിവായതോടെ തെരുവുനായ ശല്യം രൂക്ഷമായി മാറി. ട്രാക്കിന് കിഴക്ക് താമസിക്കുന്ന നിരവധി വീട്ടുകാർക്ക് ഉയരെയുള്ള റെയിൽവേ ട്രാക്കിനു അരികിലൂടെ നടന്നു പാളം മുറിച്ചു കടന്നു വേണം വിവിധ ആവശ്യങ്ങൾക്കായി മറുഭാഗത്തേക്കു നീങ്ങേണ്ടത്. ഏതാനും മാസം മുൻപ് സമാനമായി ട്രെയിനിൽ നിന്നു മാലിന്യം എറിയുന്നതായി പരാതിയുണ്ടായിരുന്നു. അന്നു മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നു ഇടക്കാലത്ത് നിലച്ചിരുന്നതായി പരിസരവാസികൾ പറയുന്നു.
