പെരുമാതുറ : മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജ് കടലിലേക്ക് ഇറക്കാനായില്ല. വടംകെട്ടി വലിച്ച് ബാർജിനെ കടലിലേക്ക് ഇറക്കാനായിരുന്നു തിരുമാനം. ശക്തമായ കടലാക്രമണത്തെ തുടർന്നാണ് കടലിലേക്ക് ബാർജിനെ ഇറക്കാൻ കഴിയാതിരുന്നത്. ഇന്ന് രാവിലെ 10:30 ഓടെയാണ് സംഭവം.
വിഴിഞ്ഞം അന്താരാഷ്ട്ര നിർമ്മാണ സ്ഥലത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ്ജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബാർജിൽ ഉണ്ടായിരുന്ന അഞ്ചുജീവനക്കാരെ വടംക്കെട്ടിയാണ് രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുന്നതിനിടെ 2 ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ സാബിർ ഷൈക്ക് , സാദഅലിഗഞ്ചി എന്നീവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിന്ദ്ര റോയ് , മിനാജുൽ ഷൈക്ക്, മനുവാർ ഹുസൈൻ, എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഴിമുഖത്ത് നിന്നും നീക്കുന്ന മണൽ പുറംകടലിൽ നിക്ഷേപിക്കുന്നതിനായാണ് മാസങ്ങൾക്ക് മുമ്പ് ബാർജ് മുതലപ്പൊഴിയിൽ എത്തിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ മണൽ നീക്കം നിലച്ചു.ഇതോടെയാണ് ബാർജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്.അപകടത്തിൽപ്പെട്ട ബാർജിനെ കടലിലേക്ക് നീക്കാനുള്ള ശ്രമങ്ങൾ നാളെ നടത്തുമെന്നാണ് വിവരം.അദാനി ഗ്രൂപ്പാണ് ബാർജ് മുതലപ്പൊഴിയിൽ എത്തിച്ചത്
