കോവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ലാബുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. സർക്കാർ മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന മാർക്കറ്റ് സർവേയും പഠനവും നടത്തിയാണു നിരക്കു കുറച്ചതെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ജസ്റ്റിസ് എൻ. നഗരേഷ് ചൂണ്ടിക്കാട്ടി.ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിരക്ക് 500 രൂപയും . ഒഡീഷയിൽ 400 രൂപയുമാണെന്നു സർക്കാർ വിശദീകരിച്ചു. 3 വിമാനത്താവളങ്ങളിൽ 448.20 രൂപ നിരക്കിൽ പരിശോധനയ്ക്കു ലാബുകൾ കരാറെടുത്തിട്ടുണ്ട്. 65 ലാബുകളിൽ പത്തെണ്ണം മാത്രമാണ് ഉത്തരവിനെ എതിർക്കുന്നതെന്നും അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ അറിയിച്ചു.
