വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും ചെമ്മരുതി കൃഷിഭവൻ അങ്കണത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ്.ജി കർഷകന് ഫലവൃക്ഷതൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത നളൻ അധ്യക്ഷത വഹിച്ചു. ചെമ്മരുതി കൃഷി ഓഫീസർ എസ്.ജി ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീഷ്, സുരാജ്,രാകേഷ് ബാബു,മഹേഷ്,നന്ദു, സിമി,ആതിര,പ്രസാദ്, സനൽ കോവൂർ,ശശീന്ദ്ര, കർഷകർ,കൃഷിഭവനിലെ ഉദ്യോഗസ്ഥർ,കർഷക വികസന സമിതി അംഗങ്ങൾ,ആഗ്രോ സർവീസ് സെന്റർ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കാർഷിക വികസന പരിപാടികൾ, കർഷകർക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ കാർഷിക വിള ഇൻഷ്വറൻസ്, കിസാൻ ക്രെഡിറ്റ് പദ്ധതി, കാർഷിക ഉപകരണങ്ങൾ കർഷകർക്ക് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന എസ്.എം.എ.എം പദ്ധതി എന്നിവയെക്കുറിച്ച് കർഷകസഭയിൽ കൃഷി ഉദ്യോഗസ്ഥർ കർഷകർക്ക് ബോധവൽക്കരണം നൽകി.
ഞാറ്റുവേല ചന്തയിൽ കർഷകരിൽ നിന്നും സംഭരിച്ച നടീൽ വസ്തുക്കൾ,പച്ചക്കറി- പഴവർഗ്ഗങ്ങൾ, വിത്തുകൾ,വളങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ,പച്ചക്കറി- ഫലവൃക്ഷ തൈകൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും നടത്തി.
