വീട്ടിലെ മാലിന്യം എവിടേക്ക് മാറ്റണമെന്നറിയാതെ ജനം;
നഗരത്തിൽ അടുക്കള ചീഞ്ഞു നാറുന്നു. കോർപറേഷൻ അധികാരികളേ, നിങ്ങൾ ഇടപെട്ടില്ലെങ്കിൽ ദുർഗന്ധം തെരുവിലേക്കു വ്യാപിക്കും. പല വാർഡുകളിലും മാലിന്യ സംഭരണം വൈകുകയാണ്; പ്രത്യേകിച്ച് ജൈവമാലിന്യം. ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കണമെന്നാണു കോർപറേഷൻ നയമെങ്കിലും അതിനുവേണ്ടി കാര്യമായൊന്നും ചെയ്തിട്ടുമില്ല. സൗകര്യമില്ലാത്തതുകൊണ്ടും കോർപറേഷന്റെ ഇടപെടൽ ഉണ്ടാകാത്തതു കൊണ്ടും വീട്ടിൽ ചീഞ്ഞുതുടങ്ങിയ മാലിന്യം എങ്ങനെയും പുറന്തള്ളാനുള്ള നെട്ടോട്ടത്തിലാണ് നഗരവാസികൾ.
മാലിന്യം സംസ്കരിക്കാൻ കോർപറേഷൻ വക പൊതുവായ എയ്റോബിക് ബിന്നുകൾ – 600.
ഇപ്പോഴും മാലിന്യ സംസ്കരണം നടത്തുന്നത്– 510
ബാക്കി വരുന്ന മാലിന്യമോ? അത് 25 സ്വകാര്യ ഏജൻസികൾക്കു കൈമാറുകയാണ്. പന്നിഫാമുകളിലേക്കെന്ന പേരിൽ കൊണ്ടു പോകുന്ന ഈ മാലിന്യം എവിടെയെത്തുന്നുവെന്ന് ആർക്കറിയാം!
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ജോയി എന്ന കരാർ ജീവനക്കാരൻ മുങ്ങിമരിച്ച ശേഷം നടത്തിയ പരിശോധനകളിൽ ഇങ്ങനെ ‘പന്നിഫാമിലേക്ക്’ എന്നു പറഞ്ഞ് കരാറുകാർ സംഭരിച്ച മാലിന്യം തോട്ടിൽ തള്ളുന്നതായി കണ്ടെത്തിയിരുന്നു.
