ചിറയിൻകീഴ്: സർവീസിൽ നിന്നും ഇന്ന് (ശനിയാഴ്ച)) വിരമിക്കാനിരിക്കെ തിരുവനന്തപുരം എ.ആർ ക്യാമ്പിലെ റിസർവ് സബ് ഇൻസ്പെക്ടർ റാഫി (56) കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് പെരുങ്ങുഴി കുഴിയം അനിത വിലാസം വീട്ടിലെ മുൻവശത്തെ മുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത കുടുംബവീട്ടിൽ റാഫി ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. ഇക്കഴിഞ്ഞ ദിവസം (വെള്ളി) എത്തിയതായിരുന്നു ഇവിടെ. പരിചയക്കാരുമായെല്ലാം ഇക്കഴിഞ്ഞ ദിവസവും പതിവ് സൗഹൃദം പുതുക്കിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ സമീപവാസി കണ്ടത്. മാർച്ച് 31ന് റാഫി സർവീസിൽ നിന്നും വിരമിക്കേണ്ടതായിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങൾ അവധിയായതിനാൽ ഇന്നലെ (ശനിയാഴ്ച) സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ ഈ സംഭവം. ചിറയിൻകീഴ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് എ.ആർ ക്യാമ്പിൽ പൊതുദർശനത്തിന് ശേഷം റാഫിയും കുടുംബവും താമസിക്കുന്ന തൈക്കാട് മേട്ടുക്കടയിലെ എം.ആർ.എ 8നമ്പർ വീട്ടിൽ മൃതദേഹം എത്തിച്ചു. വൈകുന്നേരത്തോടെ ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു. സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് ബിന്ദു ഭാര്യയും അരവിന്ദ്, വിശാഖ എന്നിവർ മക്കളുമാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല…..
