അഴൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കാൻ നടപടി സ്വീകരിക്കാത്ത ഭരണ സമിതിക്കെതിരെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു. പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുക, വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ പണിപൂർത്തിയാക്കാൻ നടപടി സ്വീകരിക്കുക, ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടുകളുടെ ആദ്യഗഡു കൊടുത്ത ശേഷം അടുത്ത ഗഡു നൽകാത്തതു മൂലം ബുദ്ധിമുട്ടുന്ന പാവപ്പെട്ട ഗുണഭോക്താക്കൾക്ക് തുക നൽകാൻ നടപടി സ്വീകരിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.സുധർമ്മ, കെ. ഓമന, നെസിയാ സുധീർ, രഞ്ജിത്ത് പെരുങ്ങുഴി, സജീവ് ചന്ദ്രൻ എന്നീ കോൺഗ്രസ് അംഗങ്ങൾ സെക്രട്ടറിയെ ഓഫീസിൽ തടഞ്ഞു വച്ചത്. ഒരാഴ്ചക്കുള്ളിൽ തെരുവ് വിളക്കുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ, പാർലമെൻ്ററി പാർട്ടി ലീഡർ രഞ്ജിത്ത് പെരുങ്ങുഴി എന്നിവർ അറിയിച്ചു.

