വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗർഭഛിദ്രത്തിനായി ആശുപ്രതിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കിയെന്ന് കണ്ടെത്തൽ. ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉൾപ്പടെ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭചിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിൽസാരേഖകളും ലഭിച്ചു.
മൂന്നേകാൽ ലക്ഷത്തോളം രൂപയാണ് ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പലതവണയായി മാറ്റിയത്. ഗർഭച്ഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറുകയും ചെയ്തു. വിവാഹത്തിന് താൽപര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം പെൺകുട്ടിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തർക്കമായി. ഇതും നിരാശയുമാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നാണ് വ്യാജമായി സുകാന്ത് തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് പൊലീസിന് ലഭിച്ചത്.
