തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിന്റെ സാംസ്കാരിക വിഭാഗങ്ങളില്‍ ആണ്‍കുട്ടികളുടെ കൂട്ടായ്മയായ ശാന്തിമഹിമയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലുടനീളം നടത്തുന്ന ലഹരിവിരുദ്ധ യജ്ഞത്തിന് തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ നാളെ (ഏപ്രില്‍ 18 വെളളിയാഴ്ച) തുടക്കമാകും. വിവിധ സന്നദ്ധ സംഘടനകളുമായും ക്ലബ്ബുകളുമായും സഹകരിച്ച് പതിനാലു ജില്ലകളിലെയും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 6 ന് ശംഖുമുഖത്ത് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കും. മുന്‍ ഡി.ജി.പി. ഋഷിരാജ് സിംഗ് ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കും. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ബിലീവേഴ്സ് ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ എന്നിവര്‍ സാന്നിദ്ധ്യമാകും. മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥ്, ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി, പ്രശസ്ത സാഹിത്യകാരൻ ഡോ.ജോര്‍ജ് ഓണക്കൂര്‍, സൌത്ത് സോണ്‍ എക്സൈസ് ജോയിന്റ് കമ്മീഷണര്‍ ബി. രാധാകൃഷ്ണന്, സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.മധുപാല്‍, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യൻ, ശാന്തിഗിരി ഫൌണ്ടേഷന് സി.ഇ.ഒ പി.സുദീപ് തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തോളം യുവാക്കള്‍ വൈകുന്നേരം 5 ന് ശംഖുമുഖം ബീച്ചിലെത്തും. തുടര്‍ന്ന് പുല്ലാങ്കുഴല്‍ ഗായകന് ശ്രീറാം. എസ്.ടി നയിക്കുന്ന സംഗീത പരിപാടിയും ലഹരി വിരുദ്ധ സന്ദേശറാലിയും നടക്കും. ശാന്തിമഹിമ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്നില്‍ എല്ലാ യുവജന സംഘടനകളും പങ്കെടുത്ത് സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
