കോവിഡ് മഹാമാരിയിൽ കടുത്ത നിയന്ത്രണങ്ങളിലാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളും പൊതു പ്രാർഥനകളും ഇല്ലാത്തതിനാൽ വീടുകളിൽ ഒതുങ്ങിയുള്ള ആഘോഷങ്ങളാണ് നടക്കുന്നത്.
ഒരുമാസത്തെ വ്രതശുദ്ധിയുടെ നിറവിലാണ് വിശ്വാസികൾ. കോവിഡ് മഹാമാരിക്കൊപ്പമാണ് ഇത്തവണയും ചെറിയ പെരുന്നാൾ. കൂടിച്ചേരലില്ലാതെ, പുതു വസ്ത്രമില്ലാതെ വീടുകൾക്കുള്ളിലായിരിക്കും ആഘോഷം. പള്ളികളിലെയും മറ്റ് പൊതു ഇടങ്ങളിലേയും ഈദ് നമസ്കാരങ്ങൾക്ക് പകരം വീടിനുള്ളിലെ പ്രാർത്ഥനകളിലാണ് വിശ്വാസികൾ പങ്കുചേരുക. ബന്ധുവീടുകളിലെ സന്ദർശനം ഉൾപ്പടെ പാടില്ലെന്ന കർശന നിർദേശമാണ് സർക്കാറിൽ നിന്നും മത പണ്ഡിതരിൽ നിന്നും വിശ്വാസികൾക്ക് ലഭിച്ചത്.
കഴിഞ്ഞ തവണ ചെറിയ പെരുന്നാളിന് ഇളവുകൾ കിട്ടിയിരുന്നെങ്കിലും കോവിഡിൻ്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ ഒട്ടും നിയന്ത്രണങ്ങൾക്ക് ഇളവില്ല. സ്വന്തം ആരോഗ്യത്തേക്കാൾ ഉപരി സമൂഹത്തിലെ ഓരോ മനുഷ്യനും വേണ്ടിയായിരിക്കും മനസുകൊണ്ട് അടുത്ത് ശരീരം കൊണ്ടകന്നുള്ള ഈ പെരുന്നാളിലെ പ്രാർഥന.
