നെടുമങ്ങാട്∙ അരുവിക്കര ഹയർ സെക്കൻഡറി സ്കൂൾ ജംക്ഷൻ റോഡിലൂടെ നിയന്ത്രണമില്ലാതെയുള്ള ശുദ്ധജല ടാങ്കർ ലോറികളുടെ ഓട്ടം യാത്രക്കാർക്കും റോഡിനും ഭീഷണിയായി മാറുന്നതായി പരാതി. അരുവിക്കര ഡാം സൈറ്റിൽ നിന്നു തലസ്ഥാന നഗര പ്രദേശങ്ങളിലേക്കു ശുദ്ധജലം കൊണ്ടു പോകുന്ന ടാങ്കർ ലോറികളാണ് ഇവിടെ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മുൻപ് ഡാം സൈറ്റിൽ നിന്നു വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകൾ മുള്ളലവിൻമൂട് – അഴിക്കോട് പ്രധാന റോഡ് വഴിയാണ് ഓടികൊണ്ടിരുന്നത്. എന്നാൽ വഴയില – പഴകുറ്റി നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി കെൽട്രോൺ ജംക്ഷൻ മുതൽ കരകുളം പാലം ജംക്ഷൻ വരെ അടച്ചതോടെ ശുദ്ധജല ടാങ്കർ ലോറികൾ അരുവിക്കര ഹയർ സെക്കൻഡറി സ്കൂൾ ജംക്ഷൻ വഴിയിലൂടെയാണ് പോകുന്നത്.
രാവും പകലും നിയന്ത്രണങ്ങൾ ഇല്ലാതെ ഓടുന്ന ഈ ടാങ്കർ ലോറികളിൽ നിന്നു വീഴുന്ന വെള്ളം കാരണം റോഡിൽ ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലമായതോടെ ഇവയിൽ വെള്ളം നിറഞ്ഞ് മറ്റ് വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.തിരുവനന്തപുരം കോർപറേഷൻ പദ്ധതിയായ അമൃത് ശുദ്ധജല പെപ്പ് ലൈൻ കടന്ന് പോകുന്നത് അരുവിക്കര ജംക്ഷൻ – ഇരുമ്പ – കാച്ചാണി – വട്ടിയൂർക്കാവ് വഴിയാണ്. ഇതുവഴി അമിതഭാരം കയറ്റിയ ടാങ്കർ ലോറികൾ ഓടുമ്പോൾ പൈപ്പ് ലൈനും തകരാറ് സംഭവിക്കാനിടയുണ്ട്. ഓരോ പത്ത് മിനിറ്റിലും ഓരോ ടാങ്കർ ലോറികളാണ് ഇതു വഴി കടന്നു പോകുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ഇടുങ്ങിയ റോഡും കൊടിയ വളവുകളും ഉള്ള ഇവിടെ ഒട്ടേറെ സർക്കാർ ഓഫിസുകൾ, സ്കൂളുകൾ, കച്ചവട സ്ഥാപനങ്ങൾ, കല്യാണ മണ്ഡപങ്ങൾ എന്നിവുണ്ട്. റോഡിലെ വശങ്ങളിൽ നടപ്പാത ഇല്ലാത്തതു കാരണം കാൽനട യാത്രക്കാർക്ക് റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്.
ഇത് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. അരുവിക്കര പഞ്ചായത്തിനും പൊലീസിനും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് മെംബർ വിജയൻ നായർ അരുവിക്കര കെഡബ്ലുഎ ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനീയറെ കാര്യങ്ങൾ ബോധ്യപ്പെടാൻ ശ്രമിച്ചു. പിടിപി നഗറിലുള്ള വാട്ടർ ഫില്ലിങ് പോയിന്റ് വിപുലീകരിച്ച് അവിടെ നിന്നു തലസ്ഥാന നഗരിയിലേക്കുള്ള വെള്ളം ടാങ്കറിൽ ശേഖരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ മാത്രമേ അരുവിക്കരയിലെ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്നാണ് ലഭിച്ച മറുപടി. അരുവിക്കരക്കാരുടെ ബുദ്ധിമുട്ട് അരുവിക്കര പഞ്ചായത്ത് പ്രമേയത്തിലൂടെ തിരുവനന്തപുരം കോർപറേഷന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദേശിച്ചു.
