തിരുവനന്തപുരം ∙ കൂട്, ഓപ്പറേഷൻ തിയറ്റർ, മാലിന്യസംസ്കരണം എന്നിങ്ങനെ എബിസി കേന്ദ്രങ്ങളിലെ സൗകര്യങ്ങളെല്ലാമുള്ള മൊബൈൽ പോർട്ടബ്ൾ യൂണിറ്റാകും തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനു തയാറാക്കുക. 152 ബ്ലോക്കുകളിൽ സ്ഥാപിക്കുന്നവയിൽ ആദ്യം തുടങ്ങുക എട്ടെണ്ണമാണ്. ഒന്നു സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും 7 എണ്ണം മൃഗസംരക്ഷണവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചും. തുടർന്നുള്ളതു തദ്ദേശസ്ഥാപനങ്ങൾ തുടങ്ങും. എബിസി കേന്ദ്രങ്ങൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ഓരോ വർഷവും വകുപ്പ് തുക അനുവദിക്കുന്നുണ്ടെങ്കിലും തടസ്സങ്ങൾ മൂലം പലയിടത്തും തുക ചെലവഴിച്ചിട്ടില്ല. കഴിഞ്ഞ വർഷം മാത്രം 13 കോടി നൽകി. ഈ തുക എംപിയു സ്ഥാപിക്കാനായി ചെലവിടും. നടപടി തുടങ്ങാൻ 2 മാസമെടുക്കും.
എംപിയുവിൽ ദിവസം കുറഞ്ഞത് 6–10 നായ്ക്കളെ വന്ധ്യംകരിക്കാം. കൂടിന്റെ വലിപ്പമനുസരിച്ച് ഇത് 25 വരെയാകാം. വന്ധ്യംകരിച്ച ശേഷം ഒരാഴ്ച നായ്ക്കളെ എംപിയുവിലെ കൂട്ടിൽ താമസിപ്പിക്കും. ജനങ്ങൾക്കു ശല്യമാകുന്നത് ഒഴിവാക്കാൻ ഓരോ ആഴ്ചയും എംപിയുവിന്റെ പാർക്കിങ് കേന്ദ്രം മാറ്റും. ട്രാക്ടർ ഉപയോഗിച്ചു വലിച്ചു നീക്കാവുന്ന തരത്തിലാകും എംപിയു ഒരുക്കുക. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസറുടെ മേൽനോട്ടത്തിലാകും ശസ്ത്രക്രിയ നടത്തുക. നിലവിൽ എബിസി കേന്ദ്രങ്ങൾ 15. രണ്ടെണ്ണം പൂർത്തീകരിക്കുന്നു. 9 എണ്ണം കൂടി തുടങ്ങും.
വാക്സിനേഷനായി തെരുവുനായ്ക്കളെ പിടിക്കുന്നതിനു 300 രൂപയും വന്ധ്യംകരണത്തിനായി പിടിക്കുന്നതിനു 150 രൂപയുമാണു നേരത്തേ നൽകിയിരുന്നത്. ഇപ്പോൾ രണ്ടിനും 300 രൂപയായി ഏകീകരിച്ചു. തുക തദ്ദേശസ്ഥാപനങ്ങൾ ചെലവിടണം. പരിശീലനം ലഭിച്ച 158 പേരാണ് ഇപ്പോഴുള്ളത്. സന്നദ്ധരാകുന്ന കുടുംബശ്രീ പ്രവർത്തകർക്കു കൂടി പരിശീലനം നൽകും.
വാക്സിനേഷൻ ഇപ്പോൾ തന്നെ നൽകുന്നുണ്ട്. ഇവ ഊർജിതമാക്കാനാണു സ്പെഷൽ ഡ്രൈവ് ഓഗസ്റ്റിലും സെപ്റ്റംബറിലുമായി നടക്കുക. ഇതിനായി വാർഡ്തല ക്യാംപ് സംഘടിപ്പിക്കും. വാക്സിനേഷനായി എത്തിക്കുന്ന പെൺ നായ്ക്കളെ ഇതിനുശേഷം വന്ധ്യംകരണ കേന്ദ്രത്തിലേക്കു മാറ്റും.
വളർത്തു നായ്ക്കൾക്കു ലൈസൻസ് നൽകുന്ന സമയത്തു 12 അക്ക നമ്പർ അടങ്ങിയ ചിപ്പ് ഘടിപ്പിക്കും. ലൈസൻസ്, വാക്സിനേഷൻ വിവരങ്ങൾ, ഉടമയുടെ മേൽവിലാസം എന്നിവ ഇതിലുണ്ടാകും. വാക്സിനേഷൻ, ലൈസൻസിങ് എന്നിവയ്ക്ക് 50 രൂപ വീതമാണു ഫീസ്. ചിപ്പ് ഘടിപ്പിക്കലിനും ഫീസുണ്ട്. എന്നാൽ ഇതു തുടങ്ങിവയ്ക്കാൻ സമയമെടുക്കും. വളർത്തുനായ്ക്കളുടെ കാര്യത്തിൽ ഫീസെല്ലാം ഉടമ വഹിക്കണം.
