January 15, 2026

മാറനല്ലൂർ ∙ പൊലീസിനെ വെല്ലുവിളിച്ച് മാറനല്ലൂരിൽ കള്ളൻമാർ അരങ്ങ് വാഴുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം നടത്തിയാണ് കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നത്. അതും അനവധി വാഹനങ്ങൾ രാത്രി കടന്നു പോകുന്ന പ്രധാന പാതയ്ക്ക് അരികിലുള്ള ഷോപ്പിൽ. ഞായർ രാത്രി ബാലരാമപുരം റോഡിൽ പെട്രോൾ പമ്പിനു സമീപം കണ്ടലയിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോൺ കവർന്നു. 14നു രാത്രി തുടങ്ങിയ മോഷണ പരമ്പരയ്ക്ക് ഒടുവിലത്തെ സംഭവമാണ് മൊബൈൽ ഷോപ്പിലെ കവർച്ച. 11 ദിവസത്തിനിടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 13 ഇടത്താണ് കവർച്ചയും കവർച്ച ശ്രമവും അരങ്ങേറിയത്.

ഒരു കേസിലും പ്രതികളെ കണ്ടെത്താനെന്നല്ല, തുമ്പുണ്ടാക്കാൻ പോലും മാറനല്ലൂർ പൊലീസിനു കഴിഞ്ഞില്ല. ‘എന്നാൽ പിന്നെ കാണട്ടെ’ എന്ന നിലയിലാണ് മാറനല്ലൂരിലെ മോഷ്ടാക്കൾ. കള്ളനെ തേടി രാത്രിയും പകലും കനത്ത നിരീക്ഷണമെന്നാണ് പൊലീസ് വാദം. ഇതിനായി  പൊലീസ് രാത്രി കറങ്ങുന്നുവെന്നാണ് വയ്പ്.  എസ്ഐയും എസ്എച്ച്ഒയും നേതൃത്വം നൽകുന്ന പട്രോളിങ് ടീം വേറെ. എന്നിട്ടും മോഷണത്തിന് ഒരു കുറവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *