വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്തെയും ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന താൽക്കാലിക ഗതാഗത സംവിധാനത്തോടനുബന്ധിച്ച് പുതിയ സർവീസ് റോഡ് തുറക്കും. തുറമുഖത്തു നിന്നുള്ള കണ്ടെയ്നർ ലോറികൾ കടന്നു പോകാനുള്ള പാത അടുത്തമാസം പകുതിക്കു ശേഷം ഗതാഗതത്തിനു സജ്ജമാവും. തുറമുഖ പാത ദേശീയ പാതയുമായി ബന്ധിക്കുന്ന തലക്കോട് ഭാഗത്ത് വരുന്നത് ക്ലോവർ ലീഫ് സമാനമായ ചെറു രൂപമായിരിക്കുമെന്ന് നിർമാണ കരാറുകാരായ മുംബൈ പൂനം കൺസ്ട്രക്‌ഷൻ കമ്പനി അധികൃതർ പറഞ്ഞു.കാലാവസ്ഥ അനുകൂലമെങ്കിൽ 26ന് ഈ ഭാഗത്ത് പുതിയ സർവീസ് റോഡ് ഗതാഗത സജ്ജമാവും.
അടുത്തമാസം തുറമുഖത്തു നിന്നുള്ള കണ്ടെയ്നർ ലോറികൾ ബൈപാസ് വഴി ഓടിത്തുടങ്ങും. ബൈപാസുമായി തുറമുഖ റോഡിനെ ബന്ധിപ്പിക്കുന്ന കണ്ടെയ്നർ പാതയുടെ നിർമാണവും പൂർത്തിയാക്കും. ഇതു വഴി തലസ്ഥാനത്തേക്ക് ലോറികൾക്കു പോകാം. തുറമുഖ കവാടത്തിൽ നിന്നു ബൈപാസ് വരെ ഏകദേശം1.7 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് റോഡ്. കന്യാകുമാരി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് ഇവിടെ സിഗ്നൽ സംവിധാനമൊരുക്കും.
