January 15, 2026

പോത്തൻകോട് : പോത്തൻകോട് ജില്ല ഡിവിഷനിൽ ഇത്തവണ കനത്ത പോരാട്ടം. നേരത്തെ മുദാക്കൽ ഡിവിഷനാണ് ഇത്തവണ പോത്തൻകോട് ഡിവിഷനായി മാറിയത്. മുദാക്കൽ പഞ്ചായത്തിലെ 15 വാർഡുകളും, പോത്തൻകോട് പഞ്ചായത്തിലെ 19 വാർഡുകളും, അണ്ടൂർകോണം പഞ്ചായത്തിലെ രണ്ട് വാർഡുകളും ,മംഗലപുരം പഞ്ചായത്തിലെ രണ്ട് വാർഡുകളും ഉൾപ്പെടുന്നതാണ് പോത്തൻകോട് ഡിവിഷൻ.എല്ലായിപ്പോഴും ഇടതിനെ പിന്തുണച്ചിട്ടുള്ള ഡിവിഷനിൽ ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്.

പ്രചാരണത്തിൽ ഇടതുമുന്നണി മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും മൂന്നു മുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞതവണത്തെ വികസനങ്ങൾ വോട്ടായി മാറും എന്നാണ് ഇടതുമുന്നണി കരുതുന്നത്. സിപിഎം മംഗലപുരം ഏരിയ കമ്മിറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ മംഗലപുരം ഏരിയ സെക്രട്ടറിയുമായ കാർത്തികയാണ് ഇടതുമുന്നണി സ്ഥാനാർഥിയായി രംഗത്തുള്ളത്. ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അമേയ പ്രസാദാണ് കോൺഗ്രസ് സ്ഥാനാർഥി. അമേയ പ്രസാദിന്റെ സ്ഥാനാർഥിത്വം ആദ്യം ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും പിന്നീട് പത്രിക സ്വീകരിക്കുകയായിരുന്നു.

ട്രാൻസ്ജെൻഡറിന് മത്സരിക്കാൻ അവസരം കൊടുത്തത് വലിയ വിപ്ലവമായാണ് കോൺഗ്രസ് കാണുന്നത്. കഴിഞ്ഞകാലങ്ങളിൽ വിജയിച്ച എൽ.ഡി.എഫ് വാർഡിൽ ഒരു വികസനവും ചെയ്തിട്ടില്ല എന്നാണ് കോൺഗ്രസ് പറയുന്നത്. ഏറ്റെടുത്ത നിർമാണ പ്രവർത്തനങ്ങൾ പോലും പാതിവഴിയിൽ ഉപേക്ഷിച്ചു പോയി എന്നും കോൺഗ്രസ് പറയുന്നു. അമേയ പ്രസാദിനെ മത്സരിപ്പിക്കുന്നതിലൂടെ പോത്തൻകോട് ജില്ല ഡിവിഷൻ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

മഹിളമോർച്ച നോർത്ത് ജില്ല പ്രസിഡന്‍റ് റീന എസ്. ധരനാണ് ബി.ജെ.പി സ്ഥാനാർഥി. പുതിയ ജില്ല ഡിവിഷനിൽ ഏറെ പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ലീഡ് നേടിയ ഡിവിഷനാണ് പോത്തൻകോട്. കഴിഞ്ഞ കാലങ്ങളിൽ മുദാക്കൽ ഡിവിഷൻ വിജയിച്ച എൽ.ഡി.എഫ് വെറും വാഗ്ദാനങ്ങളിൽ മാത്രം വികസനം ഒതുക്കി എന്നാണ് ബി.ജെ.പി പറയുന്നത്. വാർഡിലെ വികസന മുരടിപ്പ് പറഞ്ഞ് വോട്ട് നേടി വിജയിക്കാം എന്നാണ് ബി.ജെ.പി കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *