January 15, 2026

പൂവാർ : പഴയകട-മാവിളക്കടവ് റോഡ് യാത്രക്കാരുടെ ദുരിതത്തിനു പരിഹാരമാവുന്നു. തിരുപുറം മണ്ണക്കല്ലിൽ മേല്പാലനിർമാണം പൂർത്തിയായി. അവസാനഘട്ട പണികളാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ ഉടൻതന്നെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.

തിരുപുറം മണ്ണക്കല്ലിലെ മാവിളക്കടവ് റോഡിനു സമാന്തരമായി കോവളം-കാരോട് ബൈപ്പാസിനു കുറുകേയാണ് മേല്പാലം പൂർത്തിയാക്കിയത്. ഇവിടെ മേല്പാലം നിർമിക്കാതെയാണ് ബൈപ്പാസ് നിർമിച്ചത്. ഇതിനായി പഴയകട-മാവിളക്കടവ് റോഡ് ഇവിടെവെച്ച് മുറിച്ചുമാറ്റിയിരുന്നു. ബൈപ്പാസ് നിർമാണത്തിനൊപ്പം പഴയകട-മാവിളക്കടവ് റോഡ് സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നു. ദേശീയപാത അതോറിറ്റി അതിനു തയ്യാറായില്ല. ഇതിനെതിരേ പ്രദേശവാസികൾ പ്രതിഷേധം ഉയർത്തുകയും സമരത്തിലേക്കു കടക്കുകയും ചെയ്തു.

ഒരുമാസത്തോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് മേല്പാലം നിർമിക്കാൻ 3.37 കോടി രൂപ അനുവദിച്ച് നിർമാണം തുടങ്ങിയത്. പാലം നിർമാണം പൂർത്തിയായതിനാൽ ബൈപ്പാസിനായി മുറിച്ച പഴയകട-മാവിളക്കടവ് റോഡുകൂടി ചേർന്ന് ഇവിടത്തെ ഗതാഗതപ്രശ്നങ്ങൾക്കു പരിഹാരമാവും.

പഴയകട-മാവിളക്കടവ് റോഡ് വട്ടവിള, കുളത്തൂർ, പ്ലാമൂട്ടുക്കട, പാറശ്ശാല പ്രദേശങ്ങളിലെ ജനങ്ങൾക്ക് നെയ്യാറ്റിൻകര, പഴയകട, തിരുപുറം കാഞ്ഞിരംകുളം പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്ന പ്രധാന പാതയായിരുന്നു. ബൈപ്പാസ് നിർമിച്ചതോടെ റോഡ് മണ്ണക്കലിൽവെച്ച് മുറിച്ചു. തുടർന്ന് മണ്ണക്കല്ലിൽവെച്ച് സർവീസ് റോഡിലൂടെയാണ് മാവിളക്കടവ് റോഡിലേക്ക് പോകുന്നത്. ഇതു വാഹനങ്ങൾക്കു സുഗമമായി പോകാൻ കഴിയാത്തനിലയിലായി. മാവിളക്കടവിലേക്കു പോകുന്ന സർവീസ് റോഡിലൂടെ കെഎസ്ആർടിസി ബസുകൾക്ക് പോകാൻ ബുദ്ധിമുട്ടായും മാറി. എതിരേ വാഹനങ്ങൾ വന്നാൽ വശത്ത് ബൈപ്പാസിന്റെ താഴ്ച അപകടഭീഷണിയും ഉയർത്തി. ഇതേത്തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധത്തിനിറങ്ങി മേല്പാലം നേടിയെടുത്തത്. മണ്ണക്കല്ലിൽ മാവിളക്കടവ് റോഡിലേക്ക് മേല്പാലം വേണമെന്ന ആവശ്യം മാതൃഭൂമിയും മുന്നോട്ടുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *