പോത്തൻകോട് : മൂന്നുവർഷം മികച്ച രീതിയിൽ പ്രവർത്തിച്ച പോത്തൻകോട്ടെ ജനകീയ ഹോട്ടലിന് താഴുവീണിട്ട് രണ്ടുവർഷമായി.
കുറഞ്ഞ ചെലവിൽ മികച്ച രീതിയിലുള്ള ഭക്ഷണമാണ് ഇവിടെയെത്തുന്നവർക്ക് ലഭിച്ചിരുന്നത്. പാചകം ചെയ്യാനുള്ള അരി 10 രൂപ 80 പൈസക്ക് സപ്ലൈകോ വഴിയും കുടുംബശ്രീമിഷൻ വഴി സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്നു. ധാരാളം പേരാണ് രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നത്.
ജനകീയ ഹോട്ടലിന്റെ പ്രവർത്തനത്തിന് ഭൗതിക സാഹചര്യം ഒരുക്കേണ്ടതും കെട്ടിടത്തിന്റെ വാടക നൽകേണ്ടതും പഞ്ചായത്താണ്. സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അവസാന നാളുകളിൽ ജനകീയ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ടത്തിപ്പുകാർ തമ്മിലുണ്ടായ അസ്വാരസ്യവും ഹോട്ടൽ പ്രവർത്തിപ്പിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്താൻ കഴിയാത്തതും സബ്‌സിഡി തുക ലഭിക്കാത്തതുമാണ് ജനകീയ ഹോട്ടൽ പൂട്ടാൻ കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
എന്നാൽ പോത്തൻകോട്ടെ ഹോട്ടലുകാരെ സഹായിക്കാനാണ് ജനകീയ ഹോട്ടൽ പൂട്ടിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
2019 സെപ്തംബർ 18-നാണ് സർക്കാർ സംരംഭമായ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം പോത്തൻകോട്ട് തുടങ്ങിയത്. അഞ്ചു കുടുംബശ്രീ അംഗങ്ങളാണ് പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. രാവിലെ ആറു മുതൽ രാത്രി എട്ടര വരെയായിരുന്നു പ്രവർത്തനം. പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് ഊണും വൈകീട്ടത്തെ ആഹാരവും മിതമായ നിരക്കിലാണ് ഇവിടെ ലഭിച്ചിരുന്നത്.
ഉച്ചയൂണിന് 20 രൂപയാണ് ആദ്യം ഈടാക്കിയിരുന്നത്. ഇത് പിന്നീട് 30 രൂപയാക്കി. ജനകീയ ഹോട്ടലിന്റെ പ്രവർത്തനത്തിന് പോത്തൻകോട് പഞ്ചായത്തധികൃതർ സഹായവും നൽകിയിരുന്നു.ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ വാടക, വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ചെലവ് പഞ്ചായത്താണ് വഹിച്ചിരുന്നത്. മേശ, കസേര എന്നിവയും വാങ്ങി നൽകിയിരുന്നു.
ഹോട്ടൽ പൂട്ടിയത് സാധാരണക്കാരായ തൊഴിലാളികളെയും യാത്രക്കാരെയും വലുതായി ബാധിച്ചു. സ്വകാര്യ ഹോട്ടലുകളിൽ ഊണിന് 80 മുതൽ 100 രൂപവരെയാണ് വില. ജനകീയ ഹോട്ടൽ പൂട്ടിയതോടെ ഉയർന്ന വിലകൊടുത്ത് ഭക്ഷണം കഴിക്കേണ്ട അവസ്ഥയാണുള്ളത്.
