മാറനല്ലൂർ : പഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിൽ കാവിമാല തൂക്കിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ എൽഡിഎഫ് അംഗങ്ങൾ ഉപരോധിച്ചു.
എൻഡിഎ ഭരണസമിതി അധികാരമേറ്റ് മണിക്കൂറുകൾക്കകമാണ് പഞ്ചായത്തിന്റെ വാഹനത്തിൽ കാവി മാലയിട്ടത്.
ഇതിൽ അന്നുതന്നെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് മാല നീക്കംചെയ്‌തെങ്കിലും രണ്ടു ദിവസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ മാല വീണ്ടും വാഹനത്തിലിട്ടു. പ്രതിഷേധം അറിയിച്ചെങ്കിലും മാല നീക്കംചെയ്യാത്തതിനെത്തുടർന്നാണ് ചൊവ്വാഴ്ച എൽഡിഎഫ് അംഗങ്ങൾ സെക്രട്ടറിയെ ഉപരോധിച്ചത്.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയപ്പോൾ വാഹനത്തിൽ ചുവപ്പ് നിറത്തിലുള്ള തുണി തൂക്കിയത് വിവാദമായിരുന്നു. അന്ന് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ തുണി മാറ്റിയിരുന്നു.
രണ്ടു മണിക്കൂറോളം ഉപരോധം നീണ്ടു. മാറനല്ലൂർ പോലീസ് എത്തി സെക്രട്ടറിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് വാഹനത്തിൽനിന്ന് മാല നീക്കംചെയ്യുകയായിരുന്നു.
