വിതുര : തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് വൃത്തിയാക്കിയ വിതുര കോട്ടിയത്തറ കൈത്തോട്ടിൽ വീണ്ടും മാലിന്യം നിറഞ്ഞു. ശിവക്ഷേത്ര ജങ്ഷനിലൂടെ ഒഴുകുന്ന തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് നിറഞ്ഞത്.
ഇറയംകോട്, കലുങ്ക് ജങ്ഷൻ, തള്ളച്ചിറ, മുളക്കോട്ടുകര എന്നിവിടങ്ങളിലൂടെ ഒഴുകിയെത്തുന്ന കൈത്തോടുകൾ ചേർന്ന് കോട്ടിയത്തറയിലൂടെ വാമനപുരമാറിലാണു ചേരുന്നത്. ഇവയിൽ കലുങ്ക് ജങ്ഷനു സമീപത്തെ തോട്ടിലേക്ക് രാത്രികാലങ്ങളിലാണ് മാലിന്യംതള്ളൽ. ദുർഗന്ധവും കൊതുകുശല്യവുംമൂലം ഏറെ ബുദ്ധിമുട്ടുന്നതായി ശിവക്ഷേത്ര ജങ്ഷനിലെ കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞ വേനൽക്കാലത്ത് തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കി തടയണകെട്ടി സംരക്ഷിച്ച തോടാണ് ഈ നിലയിലായത്. മഴക്കാലമായതോടെ നീരൊഴുക്കുകൂടി ജലക്ഷാമത്തിനു താത്കാലിക പരിഹാരമായതോടെയാണ് വീണ്ടും അവഗണനയിലായത്.
പടർന്നുപിടിക്കുന്ന പായൽ തോടാകെ നിറഞ്ഞതും നീരൊഴുക്കിനെ കാര്യമായി ബാധിച്ചു. കുളിക്കാനും തുണികഴുകാനും അനേകംപേർ ആശ്രയിക്കുന്ന തോടാണ് ഈ അവസ്ഥയിൽ നശിക്കുന്നത്.
കന്നുകാലികളെ കുളിപ്പിക്കാനും കൃഷിയാവശ്യങ്ങൾക്കും തോട്ടിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്.
തോട് അടിയന്തരമായി നവീകരിക്കണമെന്നും മാലിന്യംതള്ളുന്നവർക്കെതിരേ നടപടിയെടുക്കണമെന്നുമാണ് പരിസരവാസികൾ പറയുന്നത്.
