തിരുവനന്തപുരം : പുതിയ ഭരണസമിതി ചുമതലയേറ്റശേഷമുള്ള ആദ്യ കോർപ്പറേഷൻ കൗൺസിൽ തർക്കങ്ങളിലാണ് തുടങ്ങിയതെങ്കിലും ഒടുവിൽ രാഷ്ട്രീയ ഭേദമെന്യേ ജനകീയാവശ്യങ്ങൾ ചർച്ചചെയ്തു പിരിഞ്ഞു. തെരുവുനായപ്രശ്നവും മാലിന്യനിർമാർജനവുംമുതൽ കുടിവെള്ളക്ഷാമംവരെയുള്ളതാണ് ഭൂരിഭാഗം കൗൺസിലർമാരും ചൂണ്ടിക്കാട്ടിയത്. വിഴിഞ്ഞം ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കെ.എച്ച്. സുധീർഖാന്റെ സത്യപ്രതിജ്ഞയും കൗൺസിൽ യോഗത്തിനുമുൻപായി നടന്നു.
കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ദൈവനാമത്തിലല്ലാതെ സത്യപ്രതിജ്ഞ നടത്തിയതിൽ താൻ നൽകിയ പരാതിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിനാൽ അവരെ കൗൺസിലിൽ പങ്കെടുപ്പിക്കരുതെന്നുമുള്ള സിപിഎം അംഗം എസ്.പി. ദീപക്കിന്റെ ആവശ്യമാണ് ആദ്യം തർക്കങ്ങൾക്കു വഴിവെച്ചത്. ഇതിനെതിരേ ബിജെപിയിലെ വി.ജി. ഗിരികുമാറും എം.ആർ. ഗോപനും രംഗത്തെത്തി. ഈ കൗൺസിലർമാരെ മാറ്റിനിർത്താൻ കോടതിയോ വരണാധികാരിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം നിർദേശംവന്നാൽ ആലോചിക്കാമെന്നും മേയർ പറഞ്ഞു.
തുടർന്ന് കരമന അജിത് അവതരിപ്പിച്ച വികസനകാര്യ അജൻഡയിൽ വാർഷികപദ്ധതി ഭേദഗതി നിർദേശങ്ങൾ നേരത്തേ നൽകാത്തതിൽ കെ. ശ്രീകുമാർ, വഞ്ചിയൂർ ബാബു, കെ.എസ്. ശബരീനാഥൻ എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തി. അടിയന്തരമായി നടപ്പാക്കേണ്ടതായതിനാലാണ് ആദ്യ കൗൺസിലിൽത്തന്നെ വിഷയം കൊണ്ടുവരാൻ ശ്രമിച്ചതെന്ന് മേയർ ചൂണ്ടിക്കാട്ടി.
തുടർന്ന് ഷാജിദ നാസർ, രാഖി രവികുമാർ, എസ്. പ്രശാന്ത്, ആർ. ഹരികുമാർ, മേരിപുഷ്പം, എസ്.എസ്. സിന്ധു, നന്ദ ഭാർഗവ്, പനിയടിമ, മധു തുടങ്ങി നിരവധി കൗൺസിലർമാർ വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ചു. തെരുവുനായപ്രശ്നത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ജനുവരി 30-ന് മുൻപ് ആദ്യഘട്ടം നടപ്പാവുമെന്നും കുടിവെള്ളപ്രശ്നം ചർച്ചചെയ്യാൻ ജല അതോറിറ്റി അധികൃതരുടെ യോഗം വിളിക്കാമെന്നും മേയർ അറിയിച്ചു. ഈ മാസംതന്നെ ഒരു കൗൺസിൽ യോഗംകൂടി വിളിച്ചുചേർക്കാമെന്നും വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നും വി.വി. രാജേഷ് പറഞ്ഞു.
:വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ കൊണ്ടുപോകാൻ വാഹനങ്ങളില്ലാത്തതു പ്രതിസന്ധിയാണെന്നും ഇത് റോഡുവക്കിൽ കൂട്ടിവയ്ക്കുകയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരമായി 101 ചെറിയ ചരക്കുവാഹനങ്ങൾ വാങ്ങാൻ കോർപ്പറേഷൻ ടെൻഡർ വിളിച്ചതായി മേയർ അറിയിച്ചു. ഓരോ വാർഡിനും ഒരു വാഹനം നൽകും. 20 ലോറികളും വാങ്ങും. മൊത്തത്തിൽ മാലിന്യനീക്കത്തിനായി അഞ്ച് വലിയ ട്രക്കുകൾ വാങ്ങിക്കഴിഞ്ഞതായും മേയർ പറഞ്ഞു.
